blog image

പുഷ് അപ്പുകള്‍ ചെയ്യാന്‍ കഴിയുമോ? ഹൃദ്രോഗം പറപറക്കും

നിങ്ങള്‍ എളുപ്പത്തില്‍ 40 പുഷ് അപ്പുകള്‍ ചെയ്യാന്‍ കഴിയുന്നവരാണോ? എങ്കില്‍ നിങ്ങളുടെ ഹൃദ്രോഗ സാധ്യതകള്‍ വെറും നാലുശതമാനം മാത്രമാണ്. പത്തിലധികം പുഷ് അപ്പുകള്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ഹൃദയാഘാതം കുറവായിരിക്കും. എന്നാല്‍, 40ലധികം പുഷ് അപ്പുകള്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച അസുഖങ്ങള്‍ വരാന്‍ 96 ശതമാനം സാധ്യതയില്ലെന്നു ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തി. ഹാവഡ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഹാവഡ് ടി.എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പത്തുവര്‍ഷം നീണ്ടുനിന്ന കാലയളവില്‍ 40നടുത്ത് പ്രായമുള്ള 1,104 പേരെ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിലാണ് ഗവേഷകരുടെ ഈ കണ്ടെത്തല്‍. 1,104 പേരും പൊലിസ് സേനയിലെ പുരുഷന്‍മാരായിരുന്നു.

ഇവര്‍ക്ക് ആദ്യം ഡോക്ടര്‍മാര്‍ ശാരീരിക വ്യായാമം, പ്രത്യേകിച്ച് പുഷ് അപ്പുകള്‍ നിര്‍ദേശിച്ചു. എട്ടുപത്തുവര്‍ഷങ്ങള്‍ കഴിഞ്ഞ് ഇവരില്‍ 37 പേര്‍ക്ക് ഹൃദയാഘാതവും ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികളില്‍ രോഗവും കണ്ടെത്തി. ഇതുമൂലം ഇവര്‍ മരിക്കുകയും ചെയ്തു. പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ പത്തോ അതിലധികോ പുഷ് അപ്പുകള്‍ ശീലമാക്കിയവര്‍ക്ക് കുറഞ്ഞ വ്യായാമം ചെയ്തവരെ അപേക്ഷിച്ച് ഹൃദ്രോഗം കുറവായിരുന്നു. എന്നാല്‍, നാല്‍പ്പതോ അതിലധികമോ പുഷ് അപ്പുകള്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത വളരെ കുറഞ്ഞതായും കണ്ടെത്തി. എത്ര പുഷ് അപ്പുകള്‍ ചെയ്യാന്‍ കഴിയും എന്നതിനനുരിച്ച് അവരുടെ ആരോഗ്യത്തിലും ഗുണകരമായ മാറ്റങ്ങള്‍ കണ്ടെത്തി.

പുരുഷന്‍മാരിലാണ് ഈ പഠനം നടത്തിയതെന്നതിനാല്‍ പുഷ് അപ്പ് സ്ത്രീകളിലും കുട്ടികളിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എപ്രകാരമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടില്ല. പുഷ് അപ്പുകള്‍ നിങ്ങളുടെ ശരീരത്തിലെ കലോറികളെ ജ്വലിപ്പിക്കുന്നു, ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. ഇതു ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് ജിംനേഷ്യം ക്ലബ്ബുകളില്‍ അംഗത്വം എടുക്കേണ്ട ആവശ്യമില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 'ജമ്മ നെറ്റ്വര്‍ക്ക് ഓപണി'ല്‍ പഠനത്തിന്റെ മുഴുവന്‍ രൂപവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.