blog image

ഹൃദയത്തെ സംരക്ഷിക്കാന്‍ അറിഞ്ഞിരിക്കണം.

ഹൃദയത്തെ സംരക്ഷിക്കാന്‍ അറിഞ്ഞിരിക്കണം

ഹൃദയത്തെ സംരക്ഷിക്കാൻ നമുക്ക് ആഹാര കാര്യത്തിൽ കൂടി ഏറെ ശ്രദ്ധിക്കണം. നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാൻ ഇത്തരത്തില്‍ ഉള്ള ഭക്ഷണങ്ങൾ നമുക്ക്‌ ശീലമാക്കാം.


ധാന്യങ്ങൾ

ഓട്സ്, ഗോതമ്പ്, അരി, ബാർലി, ചോളം റാഗി, തുടങ്ങി ധാന്യങ്ങൾ എല്ലാം തന്നെ ആഹാരത്തിൽ ധൈര്യമായി ഉൾപ്പെടുത്താം. ഇവയിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ നാരുകളും വൈറ്റമിനുകളും ഹൃദയത്തെ കാക്കുന്നതിനൊപ്പം രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. മൈദ, മൈദ കൊണ്ട്‌ ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുക തന്നെ ആണ്‌ ഉത്തമം.


പയര്‍ വര്‍ഗങ്ങൾ

പയര്‍ വര്‍ഗങ്ങൾ സാധാരണയായി നമ്മൾ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ്. എന്നാൽ ഇവ മുളപ്പിച്ച് ഉപയോഗിക്കുന്നത് പോഷക ഗുണം വർദ്ധിപ്പിക്കുന്നു. മുളപ്പിക്കുമ്പോൾ വിറ്റാമിന്‍ ഡി ഉള്‍പ്പടെ ഉള്ള വിറ്റാമിനുകള്‍ ധാതുക്കള്‍ എന്നിവയുടെ അളവ് വര്‍ദ്ധിക്കുന്നു. ഗ്യാസ് ഉണ്ടാക്കുന്ന അന്നജം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്ട്രോള്‍ കൂട്ടാൻ സഹായിക്കുന്നു.


‌പഴങ്ങളും പച്ചക്കറികളും

പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന സസ്യാഹാരങ്ങളാണ് ഹൃദയാരോഗ്യത്തിന് നന്ന്. വീട്ടില്‍ തന്നെ കിട്ടാവുന്ന പപ്പായ, പേരയ്ക്ക തുടങ്ങിയ പഴങ്ങളും  പേരക്ക,പപ്പായ എന്നീ പഴങ്ങളും വീട്ടിൽ തന്നെ വച്ച് പിടിപ്പിക്കാവുന്ന വെണ്ടയ്ക്ക, പയർ, ചീര, വഴുതനങ്ങ,കോവക്ക, തക്കാളി, കിഴങ്ങ് എന്നിവയും നമുക്ക്‌ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാവുന്നവയാണ്. പഴങ്ങളിലും പച്ചക്കറികളിലും നിന്നു ലഭിക്കുന്ന വിറ്റാമിന്‍ ഇ, സി, എ, സെലീനിയം എന്നിവ ധമനികളില്‍ അതിറോസ്‌ക്ലിറോസിസ് ഉണ്ടാവുന്ന പ്രക്രിയയെ തടഞ്ഞ് ഹൃദയാഘാതത്തില്‍നിന്നും സംരക്ഷണം നല്‍കുന്നു.

പുറത്തുനിന്നു വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഉപ്പു വെള്ളത്തിലിട്ട് വൃത്തിയായി കഴുകി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. 


ഇലക്കറികൾ

ഹൃദ്രോഗമകറ്റാൻ ഇലക്കറികള്‍ ദിവസേന ഉള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെയധികം ഗുണകരമാകും. വിവിധയിനം ചീരകൾ,മുരിങ്ങയില, ഉലുവയില, മല്ലിയില, പുതിനയില എന്നിവയെല്ലാം ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്താം. ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇലക്കറികളില്‍ ധാരാളമായി അ‌ങ്ങിയിരിക്കുന്നു. കൂടാതെ കൊഴുപ്പു കുറവും നാരുകളാൽ സമൃദ്ധവുമാണിവ. ഇത് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നതിനൊപ്പം ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.


ഇറച്ചി 

ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ചുവന്ന മാംസത്തിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കണം. ആട്, പോത്ത്, കാള, പശു എന്നിവയുടെ മാംസമാണ് ചുവന്ന മാംസത്തില്‍പ്പെടുന്നത്. പകരം കോഴി, താറാവ് എന്നിവയുടെ വെളുത്ത മാംസം മിതമായ അളവില്‍ ഉപയോഗിക്കാം. 


‌മത്സ്യവും മുട്ടയും

ചെറു മത്സ്യം മുട്ടയുടെ മഞ്ഞക്കരു നീക്കി പ്രോട്ടീൻ അടങ്ങിയ മുട്ടയുടെ വെള്ള ഹൃദയത്തിന് നല്ലതാണ്. എല്ലുകള്‍ക്ക് ആവശ്യമായ കാല്‍സ്യം മുട്ടയുടെ വെള്ളയില്‍ നിന്നും ലഭിക്കുന്നു.

മീനെണ്ണയിലുള്ള ഒമേഗാ 3 ഘടകമാണ് ഹൃദയത്തിന് ഗുണം ചെയ്യുന്നത്. എന്നാല്‍ മറ്റെണ്ണകളില്‍ മുക്കി വറുത്തെടുത്ത ഫിഷ്‌ഫ്രൈ സ്വാദിഷ്ടം ആണെങ്കിലും പോഷക ഗുണങ്ങള്‍ ഇല്ലാതാക്കുക ആണ് ചെയ്യുന്നത് അതിനാൽ വറുത്ത് എടുത്തവ ഗുണത്തിനേക്കാൾ ഏറെ ദോഷമേ ചെയ്യൂ. അതിനാൽ മത്സ്യങ്ങള്‍ കറി വച്ചു കഴിക്കുന്നതു തന്നെ ആണ് ഉത്തമം. 

മീന്‍കറി വയ്ക്കുമ്പോള്‍ എണ്ണ കുറച്ചു ഉപയോഗിക്കുന്നതാണ് ഉത്തമം. ചെറു മത്സ്യങ്ങള്‍, മത്തി, ചൂര, അയല എന്നിവ കൂടുതല്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ചെമ്മീന്‍ പോലുള്ള മത്സ്യങ്ങള്‍ വലിയ മത്സ്യങ്ങള്‍ എന്നിവ ഒഴിവാക്കുന്നതാണ് ഉചിതം.


എണ്ണയുടെ ഉപയോഗം

സസ്യ എണ്ണകള്‍ സുരക്ഷിതമാണെന്ന ധാരണയില്‍ അത് കൂടുതല്‍ ഉപയോഗിക്കുന്നവരുണ്ട്. എത്രമാത്രം എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നുവോ അത്രയും നല്ലത്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ എണ്ണ ഏറ്റവും കുറച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും തിളപ്പിച്ച് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.