Metromed International Cardiac Centre MICC Calicut/Blog

പ്രമേഹരോഗികള്‍ റമദാന്‍ വ്രതമനുഷ്ഠിക്കുമ്പോള്‍

 • by Micc
 • 2018-05-19
 • Blog visitors 3993
 • പ്രമേഹരോഗികള്‍ റമദാന്‍ വ്രതമനുഷ്ഠിക്കുമ്പോള്‍
 • ആത്മീയ സാധനകളുടെ പുണ്യമാസം വരവായി. ലോകത്താകമാനം ഏകദേശം അഞ്ചുകോടി പ്രമേഹരോഗക്കാര്‍ ഈ മാസത്തില്‍ വ്രതാനുഷ്ഠാനങ്ങള്‍ നടത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ രാജ്യത്ത് ഏകദേശം 12-14 മണിക്കൂര്‍ വ്രതമെടുക്കുമ്പോള്‍ പകല്‍ കൂടുതലുള്ള ചില രാജ്യങ്ങളില്‍ 20 മണിക്കൂര്‍ വരെ വ്രതമെടുക്കുന്നു. ഈ സമയത്ത് ആഹാരം, വെള്ളം, മരുന്നുകള്‍ ഒന്നും കഴിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ, വളരെയധികം ശ്രദ്ധിച്ചില്‌ളെങ്കില്‍ പ്രമേഹരോഗികള്‍ക്ക് ഈ സമയത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.

 • രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞുപോകാനുള്ള സാധ്യത റമദാന്‍ മാസത്തില്‍ കൂടുതലാണ്. ടൈപ് 1 പ്രമേഹരോഗികളിലാണ് ഈ അവസ്ഥ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്. എന്നാല്‍, ഇന്‍സുലിന്‍ ഉപയോഗിക്കുന്ന ടൈപ് 2 പ്രമേഹക്കാരിലും പ്രവര്‍ത്തന ദൈര്‍ഘ്യം കൂടിയ ഗുളികകള്‍ കഴിക്കുന്നവരിലും പഞ്ചസാര കുറഞ്ഞുപോകുന്ന അവസ്ഥയായ ‘ഹൈപ്പോഗൈ്‌ളസീമിയ’ ഉണ്ടാകാനും സാധ്യതയുണ്ട്.

  തളര്‍ച്ച, ശരീരം തണുക്കുക, വിറയല്‍ അനുഭവപ്പെടുക, നെഞ്ചിടിപ്പ് കൂടുക, അമിതമായി വിയര്‍ക്കുക, തലവേദന, സ്വഭാവത്തില്‍ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിക്കുക മുതലായവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍. വ്രതസമയത്ത് ഇങ്ങനെയുണ്ടായാല്‍ ഉടന്‍ വ്രതം മുറിക്കുകയും മധുരമുള്ള എന്തെങ്കിലും ആഹാരം കഴിക്കുകയും ചെയ്യണം.

  പഞ്ചസാര വളരെ കുറഞ്ഞുപോകും എന്ന ഭയത്താല്‍ സ്ഥിരം കഴിക്കുന്ന ഗുളികകളും ഇന്‍സുലിനും നിര്‍ത്തുന്നവരുണ്ട്. ഇത് പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിനും ടൈപ് 1 പ്രമേഹരോഗികളില്‍ ‘കീറ്റോ അസിഡോസിസ്’ എന്ന രോഗസങ്കീര്‍ണതക്ക് വഴിവെക്കുകയും ചെയ്യും. കൃത്യമായി ചികിത്സയില്‌ളെങ്കില്‍ ഇത് മരണത്തിനുപോലും കാരണമായേക്കാം. അതിനാല്‍, ഇന്‍സുലിന്‍ ഉപയോഗിക്കുന്ന പ്രമേഹരോഗികള്‍ ഒരിക്കലും ഇന്‍സുലിന്‍ നിര്‍ത്തരുത്. മറിച്ച്, ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം അതിന്റെ അളവ് കുറക്കുകയോ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറക്കാന്‍ സാധ്യത കുറഞ്ഞ ചിലതരം പുതിയ ഇന്‍സുലിനുകളിലേക്ക് മാറുകയോ ചെയ്യണം.

  വ്രതമനുഷ്ഠിക്കുന്ന പ്രമേഹരോഗികള്‍ വെയിലില്‍ ജോയിചെയ്താലും കഠിനവേലകളില്‍ ഏര്‍പ്പെട്ടാലും ശരീരത്തില്‍നിന്ന് അമിതമായി ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കാം. കൂടാതെ പ്രമേഹം നിയന്ത്രണവിധേയമല്‌ളെങ്കില്‍ മൂത്രത്തിലൂടെയും ജലാംശം നഷ്ടപ്പെടും. ഈ അവസ്ഥ രക്തസമ്മര്‍ദം കുറയുന്നതിനും ചിലപ്പോള്‍ ബോധക്ഷയം, വീഴ്ച മുതലായവ ഉണ്ടാകുന്നതിനും കാരണങ്ങളായേക്കാം. കൂടാതെ, ഇത്തരക്കാരില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത വര്‍ധിക്കുകയും തന്മൂലം ഹൃദയാഘാതം, പക്ഷാഘാതം മുതലായവ ഉണ്ടാകുന്നതിനും കാരണമായേക്കാം. അതിനാല്‍, രാത്രി ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം കഠിനാധ്വാനവും വെയിലില്‍ നിന്നുള്ള ജോലികളും കുറക്കണം.

  കൂടാതെ, ഇഫ്താര്‍ സമയത്ത് മധുരപദാര്‍ഥങ്ങളും മധുരപാനീയങ്ങളും കുറക്കണം. അതേസമയം പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന കൃത്രിമ മധുരങ്ങള്‍ ആകാം. തവിട് നീക്കാത്ത അരി, ഗോതമ്പ്, റാഗി, ഓട്‌സ് മുതലായ അന്നജം അടങ്ങിയ ആഹാരത്തോടൊപ്പം ധാരാളം പച്ചക്കറികളും ഉള്‍പ്പെടുത്തണം. മീന്‍, കോഴിയിറച്ചി എന്നിവയും, പയര്‍, കടല, പരിപ്പ്, പട്ടാണി, ഗ്രീന്‍പീസ് മുതലായ പയറുവര്‍ഗങ്ങളും ധാരാളം കഴിക്കാം. അതേസമയം പഴച്ചാറുകള്‍ വര്‍ജിക്കണം. പകരം ഫലങ്ങള്‍ മിതമായ അളവില്‍ കഴിക്കാം.

  സൂര്യോദയത്തിന് മുമ്പുള്ള അത്താഴം നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഇല്‌ളെങ്കില്‍ പകല്‍സമയത്ത് പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകാന്‍ ഇടവരും. രണ്ടുതരം ഇന്‍സുലിന്‍ എടുക്കേണ്ട രോഗികള്‍ നോമ്പുതുറക്കുശേഷമുള്ള ആഹാരത്തോടൊപ്പവും അതിരാവിലെയുള്ള അത്താഴത്തോടൊപ്പവും അതെടുക്കുക. എന്നാല്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമായ ക്രമീകരണം അളവില്‍ വരുത്തിയിരിക്കണം.

  വറുത്തതും പൊരിച്ചതുമായ ആഹാര പദാര്‍ഥങ്ങള്‍ കഴിവതും കുറക്കുക. 60 ശതമാനത്തോളം രോഗികളില്‍ ശരീര ഭാരത്തില്‍ വലിയ വ്യത്യാസം ഈ കാലയളവില്‍ കാണാറില്‌ളെങ്കിലും ഏകദേശം 20 ശതമാനം പേരില്‍ മൂന്നുമുതല്‍ നാല് കിലോ വരെ തൂക്കം കൂടാറുണ്ട്. ഇത് കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. സാധാരണ കാലത്തുകഴിക്കുന്ന മരുന്നുകള്‍ നോമ്പ് തുറന്നതിന് ശേഷവും രാത്രി കഴിക്കുന്ന മരുന്നുകള്‍ രാവിലെ നോമ്പ് തുടങ്ങുന്നതിന് മുമ്പും കഴിക്കുന്നതാണ് ഉത്തമം. എന്നിരുന്നാലും എല്ലാ മരുന്നുകള്‍ക്കും ഇത് ബാധകമാകണം എന്നില്ല. അതിനാല്‍, ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

  പ്രവര്‍ത്തന ദൈര്‍ഘ്യം കൂടിയ മരുന്നുകള്‍ക്ക് പകരം അവ കുറഞ്ഞ ഗുളികകളിലേക്ക് മാറാന്‍ ശ്രമിക്കുക.

  വില കൂടുതലാണെങ്കിലും ‘ഹൈപ്പോഗൈ്‌ളസീമിയ’ (പഞ്ചസാര കുറഞ്ഞുപോകുന്ന അവസ്ഥ) ഉണ്ടാക്കാത്ത ഇന്‍സുലിനുകളിലേക്ക് മാറുന്നതും നല്ലതാണ്.

  കഠിനാധ്വാനം ഒഴിവാക്കുക. ഒരിക്കലും മരുന്നുകള്‍ മുഴുവന്‍ നിര്‍ത്തരുത്. ഇതും സങ്കീര്‍ണതകള്‍ക്ക് കാരണമാകും.

 • കടപ്പാട് Dr. Abdussamad Nalakath
  MBBS,MD(Internal Medicine),(MAHE)
  PG Diploma in Diabetes(Leicester,UK)
  Consultant Physician & Diabetologist
  Metromed International Cardiac Centre (MICC)