feedback image

ഹൃദയം തൊടുന്ന ഹൃദയാശുപത്രി - മെട്രോ കാർഡിയാക് സെന്റർ!

രണ്ടു പതിറ്റാണ്ടുകൾക്കുശേഷം ഞാൻ വീണ്ടും ആശുപത്രി കിടക്കയിലെത്തിയത് അവിചാരിതമായിരുന്നില്ല. ദൈവം ദാനം നൽകിയ ഇരുപതു വർഷത്തെ ജീവിതത്തിലെവിടെയോ വന്നുചേർന്ന പോരായ്മകളുടെ  ഒരു ഓർമ്മപ്പെടുത്തലായിരുന്നു 2021 ഒക്ടോബർ ഇരുപതിലെ ആശുപത്രിവാസം.
(ഹസ്സൻ തിക്കോടി ആശുപത്രിക്കിടക്കയിൽ)
ഇരുപത് വർഷങ്ങൾക്കുമുമ്പ് മരുഭൂമിയിലെ തണുത്തുവിറക്കുന്ന സായാഹ്നത്തിൽ ഷട്ടിൽകോക്ക് കളിച്ചുകൊണ്ടിരിക്കെയുണ്ടായ അതിതീവ്ര ഹൃദയാഘാതം  (Myocardial infraction-MI) എന്നെ കീഴടക്കിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് അന്നെനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനായത്. കൂടെ കളിച്ച ഡോ: ഇബ്രാഹിം താമസംവിനാ അദ്ദേഹം ജോലിചെയ്യന്ന കെ.ഓ.സി. ആശിപത്രിയിൽ എത്തിച്ചതിനാലും മേത്തരം ചികിത്സാ സൗകര്യങ്ങൾ ലഭിച്ചതിനാലും ഞാൻ കഷ്ടി രക്ഷപ്പെട്ടു.മൂന്നു ദിവസത്തോളം എന്റെ “റൂഹ്” അജ്ഞാത ലോകത്തിലെവിടെയോ ചുറ്റിക്കറങ്ങി തിരിച്ചെത്തിയത് ഒരത്ഭുതമായിരുന്നു. പ്രാണവായു ഹൃദയത്തിലെത്തിക്കാനുള്ള ഉപകരണത്തിന്റെ സഹായത്താൽ   (Ventilator) എന്റെ ഹൃദയമിടിപ്പ് പതിയെ പതിയെ വന്നു ചേർന്നതോടെ വീണ്ടും ശബ്ദായമാനമായ ഈ ലോകത്തിലേക്ക് ഞാനെന്ന ഇമ്മിണി ചെറിയ  മനുഷ്യൻ പിറന്നു വീണു.


അരനാഴികനേരം: 

അതെ, ദൈവത്തിന്റെ സ്നേഹം എനിക്ക് ലഭിച്ച ഒരു നിമിഷമുണ്ട്,  2001 ജനവരി മൂന്നാം തിയ്യതി രാത്രിയുടെ അവസാന യാമത്തിൽ ജീവിതത്തിന്റെ ഉണർവിൽ നിന്ന് മരണത്തിന്റെ അനന്ത നിദ്രയിലേക്ക് തെന്നി വീണു കൊണ്ടിരിക്കെ എന്നെ വീണ്ടും പുനരുജ്ജീവനത്തിന്റെ യാഥാർഥ്യത്തിലേക്ക് തിരികെകൊണ്ടുവന്ന അനർഘമായ ആ അരനാഴിക നേരത്തിനു ദൈവ സ്നേഹത്തിന്റെ ശക്തിക്കല്ലത്തെ മറ്റെന്തിനാണ് സാധിക്കുക.


ഹൃദയത്തിനു താളപ്പിഴകൾ: 

2021 ഒക്ടോബർ ഇരുപതിന്‌ എന്റെ ഹൃദയത്തിൽ ചില താളപ്പിഴകൾ സംഭവിച്ചെന്ന് മനസ്സിലായതോടെ അത്രയധികം ക്ഷീണിതനല്ലാത്ത ഞാൻ കയറിച്ചെന്നത് ഹൃദയ ചികിസക്കായി മാത്രമുള്ള കോഴിക്കോട്ടെ മെട്രോ ഇന്റർനാഷണൽ കാർഡിയാക് സെന്റററിലായിരുന്നു. അവിടെ ഹൃദയത്തെ സംരക്ഷിക്കാൻ മാത്രമായി വിദഗ്ദരായ ഡോക്ടർമാരും പരിശീലനം നേടിയ സഹപ്രവർത്തകരും  അതിനൂതന ഉപകരങ്ങളും  ഉണ്ടെന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയിരുന്നു. ഡോ: ഗിരീഷ്, ഡോ: മുഹമ്മദ് മുസ്തഫ, ഡോ:മുഹമ്മദ്   ഷലൂബ്, ഡോ: അശ്വൻ പോൾ, ഡോ: നിയാസ് നസീർ, ഡോ:നന്ദകുമാർ ഡോ: അരുൺ ഗോപി എന്നീ വിദഗ്ധസംഘം അവിടെയുണ്ട്. (മെട്രോ കാർഡിയാക്കിലെ വിദഗ്‌ധ സംഘം, ചീഫ് കാർഡിയോളോജിസ്റ്റും ചെയർമാനുമായ ഡോ: മുഹമ്മദ് മുസ്തഫയോടൊപ്പം)
ആൻജിയോപ്ലാസ്റ്റി കൂടാതെ ആവശ്യമെങ്കിൽ  Fractional Flow reserve (FFR), Coronary artery calcification നു വേണ്ടി Rotablation ചികിത്സകൂടി  ചെയ്യേണ്ടി വരുമെന്ന് നേരത്തെതന്നെ ഡോ: മുസ്‌തഫയും ഡോ: ഗിരീഷും സൂചിപ്പിച്ചിരുന്നു. കാൽസിഫൈഡ് കോറോണററിയിലെ ക്ഷതം മാറ്റുവാനായി ഡബിൾ ലയർ OPN ബലൂൺ ഉപയോഗിക്കേണ്ടി വന്നേക്കുമെന്നും സൂചന നൽകിയിരുന്നു. ഉപ്പയുടെ കാർഡിയാക് പ്രൊസീജിയർ നേരിട്ട് നിരീക്ഷിക്കാനായി മകൾ ഡോ: ഫാദിയയും ഒപ്പമുണ്ടായിരുന്നു. മറ്റെല്ലാറ്റിലുമുപരി ഡോക്ടറായ മകളുടെ സാന്നിധ്യം എന്നിൽ കൂടുതൽ ആത്മവിശ്വാസവും മനക്കരുത്തും സമാധാനവും പ്രധാനം ചെയ്തു.  അങ്ങനെ സുരക്ഷിത കരങ്ങളാൽ വലയം ചെയ്യപ്പെട്ടുകൊണ്ടു വീണ്ടും ജീവിതത്തിന്റെ പച്ചപ്പിലേക്ക് ഞാൻ വേച്ചു വേച്ചു നടക്കുന്നു. എല്ലാ സ്തുതിയും അല്ലാഹുവിനുമാത്രം. മെട്രോ ഒരു കാർഡിയാക് സ്പെഷ്യലിറ്റി ഹോസ്പിറ്റലായത് കൊണ്ട് തന്നെ ഇവിടെ എല്ലാ സജ്ജീകരങ്ങളും ലഭ്യമാണ്. ഹൃദയത്തിൽ സംഭവിക്കുന്ന ഏതൊരു താളപ്പിഴളെയും കൈകാര്യം ചെയ്യാൻ ഇവർക്കാവുമെന്ന കാര്യത്തിൽ സംശയയമില്ല. ഇരുപതുവർഷംകൊണ്ടു പതിയെപ്പതിയെ എന്റെ ഹൃദയത്തിൽ പറ്റിപ്പിടിച്ച കാൽസ്യം ബ്ലോക്കുകൾ നീങ്ങിയതോടെ അനായാസേന നടക്കാനും ഇടക്കിടക്ക് തോന്നുന്ന കൈകടച്ചിൽ ഇല്ലാതായതും ഇപ്പോൾ നടത്തിയ പ്രൊസീജിയറിലൂടെ സാധിച്ചു എന്നത് ആശ്വാസ്യകരമാണ്.


ആദ്യ ഹൃദയാഘാതത്തിനുഷം അടുക്കും ചിട്ടയുമുള്ള ജീവിത ശൈലികൾ തുടർന്നിട്ടും ഇത്തരം കാൽസിഫിക്കേഷൻ എങ്ങനെ വന്നു എന്നത് എന്നെ അതിശയിപ്പിക്കുന്നു. ജീവിത ശൈലികൾ മാറ്റിയതുകൊണ്ടോ നിത്യേന വ്യായാമം ചെയ്തതുകൊണ്ടും മാത്രം മറ്റൊരു ഹൃദയ താളപ്പിഴ ഉണ്ടാവില്ലെന്ന് നമ്മൾ വിശ്വസിച്ചുപോവരുത്, അതിനപ്പുനിറം മനസ്സിലെ സമ്മർദ്ദങ്ങൾ കൂടി നിയന്ത്രിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.


മരണത്തിന്റെ രുചിയറിഞ്ഞ പഴയ ഓർമ്മകൾ:

രംഗബോധമില്ലാത്ത ഒരു കോമാളിയെപോലെ മനുഷ്യനെ പിന്തുടരുന്ന ഒരു രഹസ്യ കൊലയാളിയാണ് ഹൃദയാഘാതം. മരണത്തെ മുഖാമുഖം കണ്ട ആ ജനവരി മൂന്നാം തിയ്യതി ഒരിക്കലും മറക്കാനാവാത്ത ദിവസമാണ്. അതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്തത്ര വേദന എന്റെ ഹൃദയ ഭിത്തികളിലുണ്ടായിരുന്ന നിമിഷങ്ങൾ. 

ജീവിതവും മരണവും രണ്ടു വ്യത്യസ്ത യാഥാർഥ്യങ്ങളാണെന്നു എനിക്കപ്പോൾ തോന്നി. മരണത്തിന്റെ ഇടിമുഴക്കം എന്റെ ഹൃദയത്തിൽ ആഞ്ഞടിച്ചു. ശരീരത്തിലെ എല്ലാ സിരകളിലും വേദനയുടെ   സൂചിമുനകൾ കുത്തുന്നു. കൈവിരലുകളിൽ നിന്നാണ് നേരിയ  വേദന ആദ്യം തുടങ്ങിയത്. സാവകാശത്തിൽ ഇടതുകയ്യിലേക്കും ഷോൾഡറിലേക്കും വേദന ചേക്കേറിയിട്ടും ഞാൻ കളി തുടർന്നു. എനിക്കും കൂടെ കളിക്കുന്ന ഡോ:ഇബ്രാഹിമിനും വിജയത്തിലെത്താൻ രണ്ടു പോയിന്റകൂടി വേണമായിരുന്നു. മത്സരത്തിൽ തോൽക്കുന്നവർ അന്നത്തെ ഡിന്നർ വാങ്ങിക്കൊടുക്കണമെന്നായിരുന്നു പന്തയം. പന്തയത്തിന്റെ ലഹരിയിൽ ഞാനെല്ലാം മറന്നു കളിച്ചു. രണ്ടു മൂന്നു മിനുട്ടുകൾകൊണ്ട് കളി കഴിഞ്ഞു. എതിർ ടീമിനെ പരാജയപ്പെടുത്തിയ ആഹ്ലാദം എന്റെ വേദനയുടെ അഗ്നിയിൽ കെട്ടടങ്ങി. ഞാൻ തളർന്നു വീണു.

കൂടെ കളിച്ച ഡോ:ഇബ്രാഹിം എന്നെ വാരിവലിച്ചെടുത്തു കാറിൽ കയറ്റിയതോർമ്മയുണ്ട്. ഹൃദയത്തിൽ അപ്പോഴും ശക്തമായി ഇടിവെട്ടികൊണ്ടിരുന്നു. കേഷ്വാലിറ്റി പ്രൊസീജ്യർ ബൈപാസ് ചെയ്തു ഇടനാഴിയിലൂടെ നേരെ സ്റ്റെച്ഛർ സി.സി.യു.വിനു മുന്നിലെത്തിച്ചിരുന്നു. നേഴ്‌മാരുടെയും ഡോക്റ്റർ മാരുടെയും ഒരു വലിയ നിരതന്നെ അവിടെ സന്നിഹിതരായിരുന്നു. ഓക്സിജൻ മാസ്കും, ഇ.സി.ജി. വയറുകളും എന്റെ ദേഹത്ത് തുരുതുരാ ഘടിപ്പിച്ചു. “ഹസ്സൻ പേടിക്കാനൊന്നുമില്ല, ഇതൊക്കെ ഇവിടുത്തെ പ്രോസീജിയർ മാത്രമാണ്...യു വിൽ ബി അൽറൈറ് നൗ…” ആരോടെന്നില്ലാതെ ഡോ: ഇബ്രാഹിം  പറഞ്ഞു കൊണ്ടിരുന്നു. 

ഞാൻ വിദഗ്ധരുടെ കൈകളിലെത്തിയിരിക്കുന്നു. എന്നെ അറിയാത്തവരായി അക്കൂട്ടത്തിൽ ആരുമുണ്ടായിരുന്നില്ല. കുവൈറ്റ് എയർവൈസിന്റെ മേൽവിലാസവും അവരുടെയൊക്കെ യാത്രകൾ തരപ്പെടുത്തുന്ന വ്യക്തിയെന്ന നിലയിൽ അവർക്കു ഞാൻ അന്യനായിരുന്നില്ല. പക്ഷെ, എന്റെ മനസ്സിൽ കൂട്ടിക്കിഴിക്കലുകൾ നടക്കുകയായിരുന്നു. ഹൃദയത്തിലേക്കൊഴുകുന്ന രക്തം കട്ടപിടിച്ച്‌ കൊറോണററി രക്തക്കുഴലിലെക്കുള്ള രക്ത പ്രവാഹത്തിന് തടസ്സം നീണ്ടുനിന്നാൽ ആ കുഴലുകളെ ആശ്രയിക്കുന്ന ഹൃദയ മാംസപേശി വ്യൂഹത്തിനു പ്രാണവായു ലഭിക്കാതെ സ്ഥായിയായ നാശം സംഭവിക്കുന്നു. “മായോ കാർഡിയൽ ഇൻഫ്രാക്ഷൻ”. മരണം സുനിശ്ചിതമെന്നു ഞാൻ കരുതി.  


അനർഘനിമിഷങ്ങൾ:

എന്റെ ശരീരം എതിർപ്പില്ലാതെ അവരുടെ ഓരോ ചെയ്തികൾക്കും വഴങ്ങിക്കൊടുത്തു. വികാരരഹിതമായ അവസ്ഥ. എന്റെ നെഞ്ചിന്റെ ഇടതുഭാഗത്തു നേഴ്‌സുമാർ മാറിമാറി ശക്തിയോടെ ഇടിക്കുന്നുണ്ടായിരുന്നു. അവരുടെ ഇടിയുടെ ആഘാതത്തിൽ വാരിയെല്ലുകൾ പൊട്ടിപ്പോവുമെന്നു തോന്നി. കാർഡിയാക് മസ്സാജ് ഫലിക്കാതെ വന്നതോടെ അവർ ഇല്കട്രിക് ഷോക്ക് നൽകി നൊടിയിടയിൽ നിലച്ചുപോയ എന്റെ ശ്വാസം വീണ്ടെടുക്കാനുള്ള അവസാന ശ്രമവും നടത്തി. കാർഡിയാക് അറസ്റ്റ് വിധിക്കപ്പെട്ട എനിക്ക് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ശ്വാസം വീണ്ടുകിട്ടി.

മനസ്സ് പതിയെ ശാന്തമാവുന്നു. ശരീരത്തെ ഭാരരഹിതമാക്കുന്ന, വേദനായകറ്റുന്ന മനസ്സിനെ ശൂന്യാവസ്ഥയിലേക്കെത്തിക്കുന്ന മോർഫിൻ എന്ന മയക്കുമരുന്ന് ശരീരത്തിലേക്ക് പതിയെ ഇരച്ചു കയറി. കാർഡിയോളോജിസ്റ്റ് ഡോ: കുര്യൻ ഗോൾഫ് കളി മതിയാക്കി എനിക്കരികിലെത്തിയിരുന്നു. മറ്റു രണ്ടു അനസ്തേഷ്യ വിദഗ്ധരും. എല്ലാവരും നേരത്തെ പരിചയമുള്ളവർ. “ഹസ്സൻ നത്തിങ് ടു വറി….വി ഓൾ ആർ ഹിയർ….യു വിൽ ബി ഓൾ റൈറ് നൗ….”  

മനസ്സ് ശക്തി കുറഞ്ഞ പാവയെ പോലെ എവിടെയോ പാറി നടന്നു. രോഗവും മരണവും കണ്ടു മടുത്ത ഡോക്ടർമാരുടെ പതിവ് വാക്കുകൾ. എന്റെ ശരീരം ചലനമറ്റ വികാരരഹിതമായ അവസ്ഥയിലായിരുന്നു. ഡോ: കുര്യൻ സീനിയർ നേഴ്സിനോട് എന്തോ പതുക്കെ പറഞ്ഞു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളെ തടസ്സപ്പെടുത്തിയ കട്ടപിടിക്കുന്ന രക്തത്തെ ഏറ്റവും വേഗത്തിൽ അലിയിച്ചു രക്തപ്രവാഹം പുനഃസ്ഥാപിക്കപ്പെടണം. എങ്കിൽ മാത്രമേ ഹൃദയ മാംസപേശികളുടെ ക്ഷതം എത്രയും പെട്ടന്ന് കുറക്കാനാവൂ. രക്ത തടസ്സം നീക്കാനുള്ള  ആക്ട്ടിലൈസ് (Actilyse) മരുന്ന് കുത്തിവെച്ചു. 

മനസ്സ് ഏതോ ശൂന്യതയിൽ തത്തിക്കളിക്കുന്നു. അതീന്ദ്രിയധ്യാനത്തിലേക്കു വഴുതി വീഴുംപോലെ ഏതോ അമാനുഷികമായ സംതൃപ്തി വന്നണയുന്നു. മനസ്സിൽ മന്ത്രധ്വനികളുടെ മാസ്മരിക ശബ്ദം കേൾക്കാം. ഖുർആനിലെ സൂക്തങ്ങൾ ഓരോന്നായി എന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു. ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിൽ ഏതോ കൈകൾ എന്നെ തഴുകുന്നുണ്ടായിരുന്നു. ആളിപ്പടരുന്ന അഗ്നിജ്വാലകൾക്കപ്പുറത്ത് ശാന്തസുന്ദരമോഹനമായ ഒരു ശീതളഛായ ഞാൻ അനുഭവിക്കുന്നു. 

ഭയപ്പെടുത്തുന്ന പൈശാചികയതൊന്നും എന്റെ മനസ്സിനെ അലട്ടുന്നില്ല. അനന്തവും അജ്ഞാതവുമായ മരണത്തെ ഞാൻ കണ്ടു തുടങ്ങി. അവസാനം ഉറപ്പിച്ച മനസ്സിൽ ഏതോ നിഗൂഢ ശൂന്യത തളം കെട്ടിക്കിടക്കുന്നു. ഖുറാനിലെ സൂക്ത്തിലെ വിളിയാളം എന്റെ കാതിൽ ആരോ മന്ത്രിക്കുന്നുണ്ടോ?. “കുല്ലുനഫ്സിൻ ദായിക്കത്തുൽ മൗത്ത്” (ഏതൊരാത്മാവും മരണത്തിന്റെ രുചി അറിയുന്നതാണ്).

ഇതാ, എന്റെ ആത്മാവ് മരണത്തോട് അഭിമുഖമായിരിക്കുന്നു. മരണത്തിന്റെ അസഹ്യമായ വേദനയും അസ്വാസ്ഥ്യങ്ങളും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇത്രയും നാൾ അകലെ കണ്ട ആ ഭയവിഹ്വലമായ മരണം എന്ന യാഥാർഥ്യം അടുത്തെത്തിയിരിക്കുന്നതായി എന്റെ മനസ്സ് അറിയാതെ പറയുണ്ടായിരുന്നു. നശ്വരമായ ജീവിതത്തിനു തിരശീല വീഴാറായിരിക്കുന്നു. നഷ്‌ടമായ ഇന്നലെകളെകുറിച്ചോ യുവത്വത്തിന്റെ ചുടു ചൈതന്യത്തെകുറിച്ചോ ഞാനോർക്കുന്നില്ല. ദൈവത്തിന്റെ പ്രീതിമാത്രമാണെനിക്കാവശ്യം. മരണമെന്ന സത്യത്തെ മന്ദഹാസത്തോടെ വരവേൽക്കാൻ എന്റെ മനസ്സ് തയ്യാറായികഴിഞ്ഞു. ഈ ഭൂമിയുടെ പിളർപ്പിലേക്ക് മരണമെന്ന യാഥാർഥ്യം കുഴിച്ചുമൂടുന്നതോടെ ഇല്ലാതാവുന്നത് ഒരു വ്യകതി മാത്രമാണ്. ആ വ്യക്തിയുടെ വിയോഗം ഇത്തിരിനാൾ വേണ്ടപ്പെട്ടവരിൽ വേദനയും വിങ്ങലുമുണ്ടാക്കും. കാലത്തിന്റെ കൂലംങ്കുശമായ കുത്തിയൊഴുക്കിൽ സാവകാശത്തിൽ അവരതൊക്കെ മറക്കും. വല്ലപ്പോഴും ഒരോർമ്മദിവസമായി അവരതാചരിക്കുമായിരിക്കും.

ഞാൻ അതേവരെ നേടിയ പ്രശസ്തിയും, ജീവിത സൗകര്യങ്ങളും, ഉറ്റവരുടെയും ഉടയവരുടെയും സാന്നിധ്യങ്ങളും എല്ലാം ഈ ഭൂമിയിൽ അവശേഷിക്കും. ആരോടെങ്കിലും സ്നഹക്കുറവോ, വിദ്വേഷമോ, പകയോ പരിഭവമോ എനിക്കുണ്ടായിരുന്നില്ല. കടപ്പാടുകൾകൊണ്ട് ആരെയും നോവിപ്പിച്ചിരുന്നില്ല. ആരെയും വെറുപ്പുകൾകൊണ്ട് വ്രണപ്പെടുത്താത്ത ഒരാത്മാവിന്റെ യാത്ര  ഈ മരുഭൂമിയുടെ വന്യ വിശാലതയിൽ അലിഞ്ഞു ചേരുമ്പോൾ അതൊരിക്കലും ഈ ഭൂമിക്കു  ഭാരമാവില്ലന്ന് ഞാനുറച്ചു വിശ്വസിച്ചു. ഈ മരുഭൂമിയിൽ ആർക്കും വഴി നഷ്ട്ടപ്പെട്ടിട്ടില്ല. ആർക്കും ഇവിടെ കാലിടറിയിട്ടില്ല. വെറുംകൈയോടെ വന്നവരെ നിറംകൈയ്യോടെ മടക്കിയയച്ച ചരിത്രമേ മരുഭൂമിക്ക് പറയാനുള്ളൂ. വേദനിക്കുന്ന ഹൃദയങ്ങളുടെ ഘോരകാന്താരത്തിനിടയിലൂടെ സ്‌നേഹവും സാന്ത്വനവും  നൽകി തലോടിയ ഭൂമിയാണ് ഈ മരുഭൂമി.


തിരിച്ചുവരവ് :

അതിഗാഢമായ  മയക്കത്തിൽനിന്നും ഉണർവിന്റെ നേരിയ പാതകളിലേക്ക് എന്റെ മനസ്സ് പതിയെ ഉണരുകയാണ്. ഏതോ അവ്യക്തമായ ശബ്ദങ്ങൾ എന്റെ കാതുകളെ മുട്ടിവിളിക്കുന്നു. “മിസ്റ്റർ ഹസ്സൻ അയാം ഡോ: ഗിരി , യു കേൻ ഓപ്പൺ യുവർ ഐസ്‌, സ്ലോലി  സ്ലോലി യു ട്രൈ ടു ഓപ്പൺ…..ആഫ്റ്റർ വൺ ഹവർ യു ക്യാൻ ടോക്ക് സ്ലോലീ…..നൗ യു ക്യാൻ സീ യുവർ വൈഫ് , ആൻഡ് ഓൾ ഓഫ് അസ് ആർ ഹിയർ….” ഏതോ അതീന്ദ്രിയ ധ്യാനത്തിൽ അകപ്പെട്ട എന്റെ മനസ്സ് വീണ്ടും യാഥാർഥ്യങ്ങളുമായി സംവദിക്കുന്നു.

ആത്മാവിന്റെ ഇരുൾമൂടിയ നിഗൂഢതകളിൽനിന്നും എന്റെ മനസ്സിന് മോചനം കിട്ടിയിരിക്കുന്നു. ഞാൻ വീണ്ടും ഉണർത്തെഴുന്നേൽക്കുകയാണ്. സമയബോധമോ ദിവസമോ നിശ്ചയമില്ല. പശ്ചാത്തലത്തിൽ ഡോക്ടർ മാരുടെ കനത്ത ശബ്ദങ്ങൾ കേൾക്കാമായിരുന്നു. എന്റെ കണ്ണുകൾ ആരെയോക്കൊയോ പരതുന്നു. ചുറ്റും പരിചിതരായ ഡോക്ടർമാർ, നേഴ്‌സുമാർ. മറുവശത്തു എന്റെ പ്രിയപ്പെട്ട ഭാര്യ ഫാത്തിമ, അനുജൻ നാസിർ. ഇവരൊന്നും കുവൈറ്റിൽ ഉണ്ടായിരുന്നില്ലല്ലോ?

ഡോ: കുര്യൻ എന്റെ നെറ്റിയിൽ തടവിക്കൊണ്ട് പറഞ്ഞു: “ഹസ്സൻ യു ആർ ലക്കി….മൂന്നര ദിവസത്തിന് ശേഷം താൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.” 

ചുറ്റുമുള്ള മുഖത്തേക്ക് നോക്കി ഞാൻ മന്ദഹസിക്കാൻ ശ്രമിച്ചു. പക്ഷെ കണ്ണിൽനിന്നും തുരുതുരാ കണ്ണുനീർ വാർന്നൊലിച്ചുകൊണ്ടിരുന്നു. ഒരു പുനർജീവനത്തിന്റെ ആനന്ദ ബാഷ്‌പമായിരുന്നു അത്. വീണ്ടും ഡോക്ടർ ഗിരി പറഞ്ഞു: “യു ക്യാൻ സ്പീക് ആഫ്റ്റർ സംറ്റംസ്….ഡോണ്ട് ഫോഴ്സ് യുവർ സെല്ഫ്….”

ഒരിക്കലും വീട്ടിത്തീർക്കാൻ പറ്റാത്ത കടമാണോ എന്റെ ജീവിതം. ആരോടൊക്കെയാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. എന്നെ ഇവിടെ താമസംവിനാ കൊണ്ടുവന്ന ഡോ: ഇബ്രാഹിമിനോടോ?, എന്നെ പരിചരിച്ച, എന്നെ രക്ഷിച്ച, എനിക്കുവേണ്ടി ഉറക്കമൊഴിഞ്ഞു കാവലിരുന്ന ഇവിടത്തെ സ്റ്റാഫിനോടോ...അറിയില്ല, കടപ്പാടിന്റെ ഒരു കൂമ്പാരമായി മാറുകയാണോ  എന്റെ ജീവിതം.  കടപ്പാടുകളിൽ അവശേഷിക്കുന്ന ഒരു പ്രണയമായി ബാക്കി നിൽക്കുന്ന ഈ ജീവിതത്തിൽ ആരോടൊക്കെയാണ് ഞാൻ നന്ദി പറയുക. എല്ലാ കടങ്ങളും തീർത്തു ജീവിതം സുഖസുഷുപ്തിലാവണമെന്ന് നാമാഗ്രഹിക്കുന്നു, പക്ഷെ ചിലപ്പോൾ നോവിപ്പിക്കുന്ന, നൊമ്പരപ്പെടുത്തുന്ന ചില കടങ്ങൾ ബാക്കിവെക്കേണ്ടിവരും. സഹതാപത്തിന്റെയും കാരുണ്യത്തിന്റെയും കടങ്ങൾ…

2021 ഒക്ടോബർ ഇരുപതിനും ഞാൻ ആരോടൊക്കൊയോ കടപ്പെട്ടിരിക്കുന്നു. കാത്ത്ലാബിൽ എന്റെ പ്രോസിജിയർ നടത്തിയ ഡോ: ഗിരീഷിനോടും, ഇടക്കിടക്ക് എന്നെ സമാശ്വസിപ്പിച്ചുകൊണ്ടിരുന്നു ഡോ: മുസ്തഫയോടും അവരെ സഹായിച്ച നേഴ്‌സിങ് ടീമിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. അമ്മയുടെ മടിയിൽ കിടന്നു  മുലപ്പാൽ നുകരുമ്പോൾ  സന്തോഷവും നിർവൃതിയും അനുഭവിക്കുന്ന ഒരു പിഞ്ചുപൈതലിന്റെ ആനന്ദവും സംതൃപ്തിയും ഞാൻ കൈവരിച്ചിരിക്കുന്നു.ഹസ്സൻ തിക്കോടി: 9747883300  , email: hassanbatha@gmail.com