മദ്യം തകര്‍ക്കുന്നത് ആരെയെല്ലാം....
മദ്യം മനുഷ്യന്റെ എല്ലാ തിന്മകളേയും പുറത്തെത്തിക്കുന്ന മാരകമായ വിഷമാണ്. ഈ വിഷം ബാധിക്കുക. ശരീരത്തിനേയും മനസ്സിനേയും ഒരു പോലെയാണ്. മദ്യത്തിന്റെ ഉപഭോഗം മനുഷ്യന്റെ ആരോഗ്യത്തെ ശിഥിലമാക്കുമെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. മറ്റേതൊരു ജനസമൂഹത്തേക്കാളും ഈ തിരിച്ചറിവ് ഉള്ളവരാണ് നമ്മള്‍. എന്നിരുന്നാലും ലക്ഷക്കണക്കിന് കെയ്‌സ് മദ്യമാണ് നമ്മള്‍ പ്രതിവര്‍ഷം കുടിച്ചുതീര്‍ക്കുന്നത്. ഇന്ത്യയിലെ ആളോഹരി മദ്യ ഉപഭോഗം 3.5 ലിറ്റര്‍ ആണെന്നിരിക്കെ കേരളത്തിലിത് 8.7 ലിറ്ററാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നമ്മുടെ മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്‍ നമ്മള്‍ ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറി തുക മദ്യം വാങ്ങാന്‍ മലയാളി വര്‍ഷംതോറും ചെലവിടുന്നുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയില്‍ ആകെ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ 14% ഉപഭോഗം ചെയ്യുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് നമ്മള്‍.
മദ്യാസക്തിയില്‍പ്പെട്ടുപോയ ഒരാള്‍ തന്റെ ഓരോ ദിവസവും ആരംഭിക്കുന്നതുതന്നെ ഇന്നെങ്ങനെ മദ്യപിക്കാം എന്ന് ആലോചിച്ചുകൊണ്ടായിരിക്കും. അല്ലെങ്കില്‍ ഇന്നും മദ്യപിക്കാമല്ലോ എന്ന സന്തോഷത്തോടെയായിരിക്കും. എന്നാല്‍ ആ സന്തോഷത്തിന് അല്‍പായുസ്സായിരിക്കും. കാരണം മദ്യാസക്തനെ കാത്തിരിക്കുന്നത് അനവധി രോഗങ്ങളാണ്. ശരീരത്തിലെ ഏതാണ്ടെല്ലാ അവയവങ്ങളെയും പ്രത്യേകിച്ച് കരള്‍, ഹൃദയം, മസ്തിഷ്‌കം, ആമാശയം തുടങ്ങിയ പ്രധാന ആന്തരാവയവങ്ങളെയെല്ലാം തകരാറിലാക്കുന്ന മദ്യം ശരീരത്തിന്റെയും മനസ്സിന്റെയും സുസ്ഥിതിയേ തകരാറിലാക്കുന്നു. ഇതിലൂടെ ജൈവഘടികാരത്തിന്റെ താളാത്മകതയെയാണ് മദ്യം തകിടം മറിക്കുന്നത്.<br><br>
മദ്യാസക്തിയില്‍ അടിപ്പെട്ട് ഭ്രാന്തമായ മനസ്സും വിറയാര്‍ന്ന ശരീരവുമായി ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങളെ അഭയം പ്രാപിക്കുന്നവരുടെയും, കരളിന്റെ പ്രവര്‍ത്തനം നിലച്ച് മരണാസന്നരായി ആശുപത്രിക്കിടക്കകളില്‍ അമരുന്നവരുടെയും സംഖ്യ കേരളത്തിലിന്ന് ചെറുതല്ല. മദ്യത്തില്‍ അടിപ്പെട്ടു പോയവരുടെ ശാരീരിക-മാനസിക ആരോഗ്യം തകരുകയും ആ നിലക്ക് സാധാരണജീവിതം സാധ്യമല്ലാതാവുകയും ചെയ്യുന്നത് മാത്രമാണോ പ്രശ്‌നം? അല്ല. നിരന്തര മദ്യപാനത്താല്‍ ഒരാളുടെ വ്യക്തിജീവിതം കുത്തഴിയുകയും അയാളെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതംകൂടി കീഴ്‌മേല്‍ മറിയുകയും ചെയ്യുന്നു. ഒരാളുടെ മദ്യാസക്തിയെ പിന്‍പറ്റിയെത്തുന്നത് രോഗങ്ങള്‍ മാത്രമല്ല തൊഴില്‍നഷ്ടം, വരുമാന നഷ്ടം, മനോവിഭ്രാന്തി, സംശയരോഗം, ആക്രമണോത്സുകത, ഒറ്റപ്പെടല്‍, കുടുംബബന്ധങ്ങളിലെ ശൈഥില്യം, വ്യക്തിപരമായി ഉള്‍വലിയല്‍ തുടങ്ങിയവ കൂടിയാണ്. കേരളത്തിലെ വര്‍ധിച്ചുവരുന്ന ഗാര്‍ഹിക പീഡനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, ആത്മഹത്യ, വിവാഹമോചനം, റോഡപകടങ്ങള്‍ എന്നിവയുടെ സ്ഥിതിവിവരം നമുക്ക് ലഭ്യമാണ്. കണക്കുകള്‍ക്കപ്പുറം കാരണങ്ങള്‍ ചികയുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഒരു ഘടകം നമ്മുടെ മദ്യാസക്തി തന്നെയാണ്. ടെക്‌നോക്രാറ്റുകള്‍ മുതല്‍ അസംഘടിത തൊഴിലാളികള്‍ക്കുവരെ മദ്യാസക്തി കാരണം തങ്ങളുടെ തൊഴില്‍ മേഖലകളില്‍ കാര്യക്ഷമത കുറയുന്നു.