ഹൃദയ രോഗത്തിന്റെ ലക്ഷണങ്ങൾ ഏതെല്ലാം ആണെന്ന് അറിയാമോ ?
ഹൃദയ രോഗത്തിനു ലക്ഷണങ്ങള്‍ പലതുണ്ട്. അതു തിരിച്ചറിയാനായാല്‍ ചികിത്സയും വേഗത്തിലാക്കാം. ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാനം. ശരീരം അകാരണമായി വിയര്‍ക്കുന്നത് ഹൃദ്രോഗലക്ഷണമാണ്. തണുപ്പുള്ളപ്പോള്‍ പോലും വിയര്‍ക്കുന്നത് ശ്രദ്ധിക്കേണം.
തലകറക്കം, ക്ഷീണം, ശ്വാസതടസം എന്നിവയുടെ ഫലമായുള്ള ദ്രുതഗതിയിലുള്ള, ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ പക്ഷാഘാതം വരെ സംഭവിച്ചേക്കാം. ഹൃദയാഘാതം സംഭവിക്കുന്ന ഒരാളുടെ ശരീരം ക്ഷീണിച്ച അവസ്ഥയിലായിരിക്കും. രക്തസമ്മര്‍ദം താഴുന്നതിനാല്‍ അവരുടെ ശരീരം വിറളിയിരിക്കും.
ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ട വേദനകള്‍ നെഞ്ചിനെ മാത്രം കേന്ദ്രീകരിച്ചാവില്ല. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇതു വ്യാപിക്കാം. നെഞ്ചിന്റെ ഇടതോ വലതോ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന വേദന കഴുത്തിലേക്കും താടിയിലേക്കുമെത്താം.
എല്ലാ നെഞ്ചുവേദനയും ഹൃദയത്തില്‍ നിന്നല്ല. അതിനാല്‍, വേദന എവിടെയാണെന്ന് കൃത്യമായി മനസിലാക്കുക. വാരിയെല്ലിനു താഴെ നെഞ്ചിന്റെ ഇടതുഭാഗത്തിനോടു ചേര്‍ന്നോ മധ്യഭാഗത്തോ ഉണ്ടാകുന്ന വേദനകളാണ് ഹൃദയസംബന്ധമായത്.
നെഞ്ചില്‍ ശക്തമായ ഭാരം വച്ചതുപോലെ തോന്നുകയോ സമ്മര്‍ദം അനുഭവപ്പെടുകയോ ചെയ്യുന്നതാണ് ലക്ഷണം. നെഞ്ചിന്റെ ഭാഗത്ത് അസ്വസ്ഥതകള്‍ തോന്നുക. അതായത്, നെഞ്ചില്‍ എന്തെങ്കിലും ശക്തമായി അമര്‍ത്തുന്ന തോന്നലുണ്ടാകുക.ആസ്ത്മയോ ശ്വാസകോശ പ്രശ്നങ്ങളോ ഇല്ലാത്ത ഒരാള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത മുന്‍കൂട്ടി കാണേണ്ടതാണ്.
തലചുറ്റലും ഒരു ലക്ഷണമാണ്.വയറുവേദന, ദഹനക്കുറവ്, ഛര്‍ദി, ക്ഷീണം തുടങ്ങിയവ ഹൃദ്രോഗ ലക്ഷണമാകാം. എന്നാല്‍ ഈ രോഗ ലക്ഷണങ്ങളുള്ളവരെല്ലാം ഹൃദ്രോഗികളാണെന്നു അര്‍ത്ഥമില്ല. മറ്റു രോഗങ്ങളുടേയും ലക്ഷണം ഇതായി വരാം. ശാസ്ത്രീയമായ പരിശോധനയിലൂടെ അതു കണ്ടെത്താം.