blog image

ഹൃദയ രോഗ ലക്ഷണങ്ങള്‍

ലോകത്തെ വലിയ ജനവിഭാഗത്തെ പിടികൂടുന്ന രോഗമാണ് ഹൃദയ രോഗം. ലോകത്ത് കൂടുതല്‍ പേര്‍ മരിക്കാനിടയാക്കുന്നതും ഈ രോഗം കൊണ്ടു തന്നെ. മാറിയ ജീവിതരീതികളും സമ്മര്‍ദ്ദവും വ്യായാമത്തിന്റെ കുറവും ശരിയല്ലാത്ത ഭക്ഷണരീതികളുമാണ് ആളുകളെ ഹൃദ്രോഗികളാക്കുന്നത്.


വലിപ്പചെറുപ്പമില്ലാതെ എല്ലാവരേയും ഈ രോഗം പിടിമുറുക്കുന്നുണ്ട്. നെഞ്ചില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളാണ് ഹൃദ്രോഗം തിരിച്ചറിയാനുള്ള ഒരു ലക്ഷണം. നെഞ്ചില്‍ വേദനയോ മുറുക്കമോ അനുഭവപ്പെടുകയോ ശ്വാസമെടുക്കുന്ന സമയം സമ്മര്‍ദ്ദമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഹൃദ്രോഗിയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഛര്‍ദ്ദി, വയറുവേദന, ദഹനക്കേട് ഇവ ഹൃദ്രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ദഹനക്കേട് ഇവയെല്ലാം കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിച്ച് വേണ്ട ചികിത്സ തേടുന്നത് നല്ലതായിരിക്കും. പലരിലും ഹൃദ്രോഗത്തിന്റെ തുടക്കത്തില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. 


കൈകളിലേക്ക് വ്യാപിക്കുന്ന വേദന ആദ്യം നെഞ്ചില്‍ ചെറിയ വേദന അനുഭവപ്പെടും. അല്ലെങ്കില്‍ തോളിലായിരിക്കും വേദനയുണ്ടാവുക. ക്രമേണ ഈ വേദന കയ്യിലേക്ക് വ്യാപിക്കും. ഒരാള്‍ വല്ലാതെ ആകാംക്ഷാഭരിതനായിരിക്കുമ്പോഴോ വല്ലാതെ നെര്‍വസ് ആയിരിക്കുമ്പോഴോ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതും അതിവേഗത്തിലാക്കുന്നതും സാധാരണമാണ്. എന്നാല്‍, ഇതല്ലാത്ത അവസരങ്ങളില്‍ എപ്പോഴെങ്കിലും ഹൃദയമിടിപ്പിന് വേഗം കൂടുകയോ താളം തെറ്റുകയോ ചെയ്തിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണം. ഹൃദ്രോഗത്തിന്റെ സൂചനയാണ്.


കൈവേദന, പുറംവേദന അനുഭവപ്പെടുക, കഴുത്ത് വേദന, താടിയെല്ല് വേദന എന്നിവ സ്ത്രീകളിലെ ഹൃദയ രോഗത്തിന്റെ ലക്ഷണങ്ങളായി വരാം. അമിതമായുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവും ദിവസങ്ങളോളം തുടരുകയാണെങ്കില്‍ സൂക്ഷിക്കണം. അത് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം.