blog image

ഹൃദയം കാക്കാന്‍ കരുതല്‍ പ്രധാനം

മരുന്നില്ലാതെ കൊളസ്‌ട്രോള്‍ കുറയ്ക്കാം

ഔഷധ സഹായം കൂടാതെ കര്‍ശനമായ ഭക്ഷണക്രമീകരണത്തിലൂടെ ഹൃദ്രോഗമുള്ളവരില്‍ അതിന്റെ കാഠിന്യം ഒരു പരിധിവരെ കുറയ്ക്കുകയും ഇല്ലാത്തവരില്‍ ഹൃദയാഘാതം വരാതെ കാത്ത് പരിപാലിക്കുകയും ചെയ്യുന്നു. കര്‍ശനമായ ഭക്ഷണ ക്രമീകരണത്തിലൂടെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയുന്നതിലുപരി കൊറോണറി ധമനികളിലെ ബ്ലോക്കുകള്‍ സ്റ്റബിലൈസ് ചെയ്യാൻ സാധിക്കുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കൊളസ്‌ട്രോളിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്നു. ഓട്‌സ്, പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ആപ്പിള്‍, പപ്പായ, ചക്ക, മാങ്ങ ഇവയിലെല്ലാം ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പരിപ്പ്, അണ്ടിപരിപ്പ്, ചോളം, റാഗി ഇങ്ങനെ നിരവധി ആഹാര പദാര്‍ത്ഥങ്ങളില്‍ പ്രകൃതിയുടെ നാരുകള്‍ സമൃദ്ധമായുണ്ട്.


വ്യായാമം ശീലമാക്കുക

വ്യായാമം കൊളസ്‌ട്രോള്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു. വ്യായാമം നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിനെ നശിപ്പിക്കുകയും ചെയ്യുന്നു. 

നടക്കുക, ഓടുക, സൈക്കിള്‍ ചവിട്ടുക, നീന്തുക, തുഴയുക, തുടങ്ങിയ വ്യായാമങ്ങള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദ്രോഗികള്‍ അമിതഭാരം ഉയര്‍ത്തിയുള്ള വ്യായാമങ്ങള്‍ ഒഴിവാക്കേണ്ടതാണ്. സ്ഥിരമായി വ്യായാമം തുടങ്ങി ഏതാണ്ട് മൂന്ന് മാസംകൊണ്ട് കൊളസ്‌ട്രോളിന്റെ അളവ് കുറയുന്നതായി കാണാന്‍ സാധിക്കും.


ഹൃദയചികിത്സ

ഹൃദയചികിത്സയുടെ പ്രധാന ഭാഗം ഔഷധങ്ങളെ അവഗണിക്കാതിരിക്കലാണ്. 

ആന്‍ജിയോ പ്ലാസ്റ്റിയും, ബൈപാസ് ശസ്ത്രക്രിയയും, സ്റ്റന്റിങ്ങും, സ്റ്റിച്ച് ട്രയലും ആണ് നിലവിലുള്ള പ്രധാന ഹൃദയ ചികിത്സകള്‍.


ഹൃദയ സൗഖ്യത്തിന് എളുപ്പവഴികള്‍

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇരുന്ന് ജോലിചെയ്യുന്നവര്‍ ഇടവേളകളില്‍ എഴുന്നേറ്റ് നടക്കുക. പുകവലി പാടെ ഉപേക്ഷിക്കുക. ഉപ്പ് പരമാവധി കുറയ്ക്കുക. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കുക. 

പാലും പാലുല്‍പന്നങ്ങളും കുറയ്ക്കുക. ബീഫ്, മട്ടന്‍ തുടങ്ങിയ കൊഴുപ്പ് കൂടിയ മാംസങ്ങള്‍ കഴിവതും ഒഴിവാക്കുക. നാരുകള്‍ അടങ്ങിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ധാരാളമായി കഴിക്കുക. മത്തി തുടങ്ങിയ ചെറിയ മത്സ്യങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്. ചോക്കലേറ്റ്, ഐസ്‌ക്രീം, കേക്ക് തുടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. ഹോട്ടല്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പ്രമേഹം വരാതെ നോക്കുക. വന്നു കഴിഞ്ഞാല്‍ കര്‍ശനമായി നിയന്ത്രിക്കുക. പ്രമേഹ രോഗികള്‍ക്ക് ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍, തികട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. പാരമ്പര്യമായി ഹൃദ്രോഗം, കൊളസ്‌ട്രോള്‍, ബി.പി, പ്രമേഹം തുടങ്ങിയവ ഉള്ളവര്‍ ചിട്ടയായ ജീവിതശൈലി ശീലമാക്കുക. വ്യായാമം പതിവാക്കുക. അത്താഴത്തിന് ശേഷം നടത്തം ശീലമാക്കുക. ഉയരത്തിനനുസരിച്ച് ശരീരഭാരം ക്രമപ്പെടുത്തുക.