പക്ഷാഘാതത്തിന്റെ ആഘാതം തിരിച്ചറിയണം
തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും തല്‍ഫലമായി ഇവ അടയുകയോ ആന്തരികമായി രക്തസ്രാവം ഉണ്ടാകുകയോ ചെയ്യുന്നതാണ് പക്ഷാഘാതം (Stroke) ഇതുമൂലം തലച്ചോറിലെ കോശങ്ങള്‍ തകരാറിലാവുകയും അത് വ്യത്യസ്തങ്ങളായ രോഗാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയേണ്ടതും എത്രയും വേഗം ചികിത്സ ഉറപ്പ് വരുത്തേണ്ടതുമായ അപകടകരമായ അസുഖമാണ് പക്ഷാഘാതം.
പ്രധാനമായും രണ്ട് വിധമുള്ള പക്ഷാഘാതങ്ങളാണ് കാണപ്പെടുന്നത്. ഇഷ്‌കീമിക് സ്‌ട്രോക്ക്, ഹെമറേജിക് സ്‌ട്രോക്ക്. തലച്ചോറിലോ അല്ലെങ്കില്‍ തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനികളിലോ കൊഴുപ്പ് അടയുകയും ഇത് രക്ത പ്രവാഹത്തിന് തടസം വരുത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് ഇഷ്‌കീമിക് പക്ഷാഘാതം ഉണ്ടാകുന്നത്. 50% ശതമാനം രോഗികളിലും ഈ വിഭാഗത്തില്‍പ്പെട്ട പക്ഷാഘാതമാണ് സംഭവിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുകയും ആന്തരികമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. ഇതോടെ മസ്തിഷ്‌ക കോശങ്ങള്‍ നശിക്കുന്നു. ഇതാണ് ഹെമറേജിക് പക്ഷാഘാതത്തിന് കാരണം. ഏറ്റവും അപകടകരമായ അവസ്ഥയാണിത്. ചിലപ്പോള്‍ പെട്ടെന്നുള്ള മരണത്തിന് വരെ ഇത് കാരണമായേക്കാം.
ഹെമറേജിക് പക്ഷാഘാതത്തിനുള്ള പ്രധാന കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തധമനികളുടെ ബലക്ഷയവുമാണ്. ഈ രോഗം സംശയിക്കുന്നവര്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ തിരിച്ചറിയുകയും പെട്ടെന്ന് ചികിത്സിക്കുകയും വേണം. പ്രമേഹ രോഗികള്‍ ജാഗ്രത പാലിക്കുന്നതോടൊപ്പം ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും വേണം. ആരോഗ്യകരമായ ഭക്ഷണ രീതി ശീലിക്കുക. ഇത് 80 % അസുഖങ്ങളെയും തടയാന്‍ സഹായിക്കും. രക്താതിമര്‍ദ്ദം,പ്രമേഹം,കൊളസ്‌ട്രോള്‍,മദ്യപാനം,പുകവലി അമിതവണ്ണം,ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ ശ്രദ്ധിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമാണ്.