മദ്യം ശരീരത്തെ തകര്‍ക്കുന്ന വിധം
പരിഷ്‌കാരത്തിന്റെ പേരിലും നൈമിഷികാസക്തികളുടെ പ്രലോഭനത്തിലും ജീവിത സങ്കീര്‍ണ്ണതകളില്‍ നിന്നു ഒളിച്ചോടാനുള്ള വ്യഗ്രതയാണ് ദുര്‍ബല മനസ്സുകളെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നീരാളിപ്പിടുത്തത്തിലകപ്പെടുത്തുന്നത്.
നിമിഷങ്ങളുടെ ലഹരിക്കുവേണ്ടി തുടങ്ങുന്ന മദ്യപാനം ക്രമേണ ലഹരിയുടെ നീര്‍ച്ചുഴിയില്‍ കൊണ്ടെത്തിക്കുന്നു. മദ്യാപനം തുടങ്ങുന്ന ഇരുപത്തഞ്ചില്‍ ഒരാള്‍ എന്ന നിലയില്‍ മദ്യാസക്തിക്ക് അടിമയാകുന്നുണ്ടെന്നാണ് കണക്ക്. മദ്യനിര്‍മ്മാണത്തിനായി ഓരോ വര്‍ഷവും കേരളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നേരിടുവാന്‍ കോടിക്കണക്കിന് രൂപയുടെ സ്പിരിറ്റ് അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്. <br><br>
മനുഷ്യന് ശാരീരിക മാനസിക തകരാറുകളുണ്ടാക്കുന്ന ഒരുതരം വിഷമാണ് മദ്യം. പ്രാഥമികമായും നാഡീവ്യവസ്ഥയെയാണ് മദ്യപാനം ബാധിക്കുന്നതെങ്കിലും കരള്‍, ഹൃദയം, വൃക്ക, ശ്വാസകോശങ്ങള്‍ മുതലായവയുടെ സുസ്ഥിരതയെയും ഇതു സാരമായി ബാധിക്കും. മസ്തിഷ്‌കത്തിന്റെ ഏറ്റവും ഉന്നതമായ കഴിവുകളെ തകരാറാക്കുകയാണ് തലച്ചോറില്‍ മദ്യത്തിന്റെ പ്രഥമ പ്രവര്‍ത്തനം. തുടര്‍ന്ന് മദ്യം സെറിബെല്ലത്തെ ബാധിക്കുന്നു. ഇതോടെ പേശീ സമീകരണവും നിയന്ത്രണങ്ങളും താളം തെറ്റുന്നു. ലഹരിബാധ തുടര്‍ന്നു പോവുകയാണെങ്കില്‍ അത് അടിസ്ഥാനപരമായ ശാരീരിക വ്യവസ്ഥയെ തന്നെ ബാധിക്കുകയും ശ്വസനം, ദഹനം, വിസര്‍ജ്ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളേയും മദ്യം താറുമാറാക്കും.
മദ്യത്തിന്റെ മറ്റൊരു പ്രവര്‍ത്തനം കാഴ്ച നല്‍കുന്ന ഞരമ്പ് കേടുവരുത്തുകയെന്നതാണ്. മാംസപേശികളുടെ ബലക്ഷയവും സാധാരണഗതിയില്‍ മദ്യപ•ാരുടെ പ്രത്യേകതയായിരിക്കും. മദ്യത്തിന്റെ വിഷ സ്വഭാവം മാംസകോശങ്ങളെ ബാധിക്കുന്നതുമൂലമാണ് പേശീരോഗമുണ്ടാകുന്നത്. മദ്യപാനം നാടികളെയും മാംസപേശികളെയും മന്ദീഭവിപ്പിക്കുന്നതിനാല്‍ ശാരീരികമായ അനേകം പ്രശ്‌നങ്ങളുണ്ടാകും. ഇത് പരിഹരിക്കുവാന്‍ ശാസ്ത്രീയവും മാനസികവുമായ സമീപനമാണാവശ്യം. ലഹരിവിപത്ത് വ്യാപകമായതോടെ മദ്യദുരന്തങ്ങളും സാര്‍വ്വത്രികമായിരിക്കുകയാണ്. ഇത്തരം ദുരന്തങ്ങളില്‍ മരിക്കുന്നവര്‍ക്ക് പുറമെ അനേകായിരം മനുഷ്യജീവികള്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം പലരും ഓര്‍ക്കുന്നില്ല. മയക്കുമരുന്നുകളുടെ സ്ഥിതി ഇതിലും പരിതാപകരമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ മയക്കുമരുന്നിന്റെ ഉപഭോഗം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.