blog image

എന്താണ് മദ്യാസക്തി

എന്താണ് മദ്യാസക്തി. ഇതു എങ്ങിനെയാണ് നമ്മുടെ ശരീരത്തേയും മനസ്സിനേയും ബാധിക്കുന്നത്. ലഹരി പിടിപ്പിക്കുന്ന ഏത് തരം പാനീയവും ദോഷകരമായ അളവില്‍ കുടിക്കുന്ന ശീലത്തെ മദ്യാസക്തി എന്ന് പറയാം. 1956 ല്‍ ലോകാരോഗ്യ സംഘടന മദ്യാസക്തിയെ ഒരു രോഗമായി പ്രഖ്യാപിച്ചു. അതേ വര്‍ഷം ഐക്യരാഷ്ട്ര സംഘടന ഇക്കാര്യം ആവര്‍ത്തിച്ചുറപ്പിച്ചു. 1957ല്‍ അമേരിക്കന്‍ സൈക്യാട്രിസ്റ്റ് അസോസിയേഷന്‍ അത് സ്ഥിരീകരിച്ചു. മാനസികവും ശാരീരികവും വൈകാരികവുമായ പ്രശ്‌നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും നയിക്കുന്ന രോഗമായിട്ടാണ് മദ്യാസക്തിയെ കണക്കാക്കുന്നത്.


ഇതുമൂലം മദ്യപാനി ശാരീരികമായി രോഗിയായി മാറുന്നു. പ്രധാന അവയവങ്ങളായ തലച്ചോറ്, നാഡീവ്യൂഹം, ഹൃദയം, ശ്വാസകോശം, കരള്‍, ആമാശയം, വൃക്കകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ലഹരി ഉപയോഗം ക്രമാനുഗതമായി തകര്‍ക്കുന്നു. ശാരീരികശേഷിക്കുറവ്, ഷണ്ഡത്വം, ഗര്‍ഭം അലസല്‍, ആര്‍ത്തവത്തകരാറ്, അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉള്ള കുട്ടികളുടെ ജനനം എന്നിവയ്ക്കും ലഹരിയുടെ അമിതമായ ഉപയോഗം കാരണമാകും. വിശപ്പില്ലായ്മ, കാഴ്ച നഷ്ടപ്പെടല്‍, ആരോഗ്യം ക്ഷയിക്കല്‍, ആകസ്മിക മരണം, ആയുര്‍ദൈര്‍ഘ്യം കുറയല്‍ എന്നിവയ്ക്കും ലഹരി ആസക്തി കാരണമാകുന്നു.

 മാനസികമായി ഇതു ബാധിക്കുന്നത് ഈ വിധമാണ്. മാനസിക വിഭ്രാന്തി, മനോരോഗങ്ങള്‍, ആകാംക്ഷ, ഉത്കണ്ഠ, വിഷാദം, ഭയം, ആത്മധൈര്യക്കുറവ്, അപകര്‍ഷതാബോധം, അമിതമായ കുറ്റബോധം എന്നിവയ്ക്കും മറ്റുള്ളവര്‍ തന്നെ വെറുക്കുന്നു എന്നറിയുമ്പോഴുള്ള സ്വയം വെറുപ്പിലേക്കും മദ്യപര്‍ നീങ്ങുന്നു. ഈ അവസ്ഥയില്‍ മദ്യപര്‍ വീട്‌വിട്ട് പോകുവാനോ ആത്മഹത്യ ചെയ്യുവാനോ ശ്രമിക്കുന്നു.


മദ്യപാനികളില്‍ നിന്നും ധാര്‍മിക മൂല്യങ്ങളും സദാചാരബോധവും ഈശ്വര വിശ്വാസവും നഷ്ടപ്പെടുന്നു.

മദ്യപാനമെന്ന രോഗത്തിന്റെ വേദന മദ്യപര്‍ അറിയുന്നില്ല. വേദനയും ദുഃഖവും ദുരിതങ്ങളും എല്ലാം അനുഭവിക്കേണ്ടിവരുന്നത് ഭാര്യയും മാതാപിതാക്കളും കുട്ടികളുമാണ്. വേദനയും ദുരിതങ്ങളും കുടുംബാംഗങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതുകൊണ്ടാണ് മദ്യപാനവും മയക്കുമരുന്നുകളുടെ ഉപയോഗവും കുടുംബരോഗമാണെന്ന് പറയുന്നത്


മദ്യപരുടെ സാമൂഹിക ബന്ധങ്ങള്‍ തകരുന്നു. ഇടപെടുന്നവരോട് അപമര്യാദയായി പെരുമാറുന്നു. അക്രമങ്ങളും വഴക്കുകളും മദ്യപനെ കുറ്റവാളിയും ദുഷ്ടനും ആക്കിത്തീര്‍ക്കുന്നു. മദ്യപനെ മക്കളും യുവാക്കളും അനുകരിക്കുമ്പോള്‍ ഇതൊരു സാംക്രമിക രോഗമാണെന്ന് തെളിയിക്കുന്നു. നഷ്ടമാകുന്ന മനുഷ്യശക്തി, ചികിത്സക്കായി മാറ്റിവെയ്‌ക്കേണ്ടി വരുന്ന ഭീമമായ തുക, അപകടം മൂലം വരുന്ന ദുരിതങ്ങള്‍, തകരുന്ന കുടുംബബന്ധങ്ങള്‍, ദുര്‍വിനിയോഗിക്കപ്പെടുന്ന ധനം ഇതൊക്കെ സാമൂഹിക രോഗത്തിന്റെ ലക്ഷണങ്ങള്‍ മാത്രം.