മയക്കു മരുന്ന് ആസക്തി മാറ്റാവുന്നതേയുള്ളു...
മയക്കു മരുന്ന് ശീലമാക്കുകയും അതിനു വേണ്ടി കൊതിക്കുകയും അതു കൂടാതെ ജീവിക്കാന്‍ കഴിയില്ലെന്ന് കരുതുകയും ചെയ്യുന്ന അവസ്ഥക്കാണ് മയക്കു മരുന്ന്് ആസ്‌ക്തി എന്നു പറയുന്നത്. മയക്കു മരുന്നിനോടുള്ള ആസക്തി ഗുരുതരമായ മാനസിക, ശാരീരിക, വ്യക്തിത്വ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.ആസക്തനായ വ്യക്തി, അയാള്‍ എത്ര മാത്രം ആഗ്രഹിച്ചാലും അനായാസകരമായി അതില്‍ നിന്നും പിന്മാറാന്‍ കഴിയില്ല. നമ്മള്‍ മിക്കവരും പൊതുവെ കരുതുന്നത് മയക്കു മരുന്നുകള്‍ ശക്തിയേറിയതും ഭാവ നിലയെ മാറ്റാന്‍ കഴിയുന്നതുമാണെന്നുമാണ്. മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തന രീതിയെ സ്വാധീനിക്കാന്‍ കഴിയുന്ന ഏതൊരു രാസ പദാര്‍ത്ഥവും മയക്കു മരുന്നിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താം. തലച്ചോറില്‍ എത്തുന്ന മയക്കു മരുന്ന് അതിന്റെ സ്വാഭാവികമായ പ്രവര്‍ത്തനം താത്കാലികമായി അനിശ്ചിതത്തില്‍ ആക്കുകയോ അല്ലെങ്കില്‍ മന്ദീഭവിപ്പിക്കുകയോ ചെയ്യും.
മദ്യം ഉപയോഗിക്കുന്നത് പോലെ തന്നെയാണ് പലരും മയക്കു മരുന്ന് ഉപയോഗം തുടങ്ങുന്നത്. ആകാംക്ഷയോ, സുഹൃത്തുക്കളുടെ സമ്മര്‍ദ്ദമോ, പഠനത്തിലോ കളിയിലോ മികവ് കാട്ടാനുള്ള ആഗ്രഹമോ അതുമല്ലെങ്കില്‍ തങ്ങള്‍ക്കു മേലുള്ള സമ്മര്‍ദ്ദമോ പ്രശ്‌നങ്ങളോഒക്കെ മറക്കുന്നതിനോ ആകാം ആദ്യം ഇവ ഉപയോഗിക്കുന്നത്. ക്രമേണ മയക്കു മരുന്ന് തലച്ചോറിലുണ്ടാക്കുന്ന മാറ്റങ്ങള്‍ വ്യക്തിയെ കൂടുതല്‍ മയക്കു മരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും. മാത്രമല്ല ഉപയോഗിക്കുന്ന മരുന്നിന്റെ അളവ് സംബന്ധിച്ച് അവര്‍ക്ക് നിയന്ത്രണമില്ലാതെ വരികയും ചെയ്യും. ഇതോടെ മയക്കു മരുന്ന് ഉപയോഗം നിര്‍ത്തണമെന്ന് തീരുമാനിക്കാനുള്ള അവരുടെ മനോബലവും കഴിവും നഷ്ടമാകും. അവരെത്ര ആഗ്രഹിച്ചാലും ഇതിനു കഴിയാതെ വരും.
മയക്കു മരുന്നിനോടുള്ള ആസക്തി നിയന്ത്രിക്കുന്നതില്‍ വ്യക്തിക്ക് മാത്രമല്ല അയാളുടെ ജീനുകള്‍ക്കും അയാള്‍ നിവസിക്കുന്ന ചുറ്റുപാടുകള്‍ക്കും പങ്കുണ്ട്. ആസക്തിയില്‍ നിന്നും രക്ഷ നേടുന്നതിനുള്ള ശ്രമത്തില്‍ ചെറിയ ഭാഗം മാത്രമാണ് ഇനി ഇല്ല എന്ന തീരുമാനം. അതിനേക്കാളേറെ അവനോ അവളോ ചികിത്സക്ക് വിധേയമാകുകയും അവര്‍ക്ക് വളരെയധികം പിന്തുണയും സഹായവും ലഭിച്ചാല്‍ മാത്രമെ പൂര്‍ണമായി മോചനം ലഭിക്കുകയുള്ളൂ. ഇതിനു മുന്നില്‍ നില്‍ക്കേണ്ടത് കുടുംബവും സുഹൃത്തുക്കളുമാണ്.
മനസ്സിന്റെ മാത്രമല്ല മനുഷ്യന്റെ ഹൃദയത്തേയും സാരമായി ബാധിക്കുന്നതാണ് മയക്കു മരുന്നുകള്‍. ഇതില്‍ നിന്നും മോചനം നേടാന്‍ ശാസ്ത്രീയവും സൗജന്യവുമായ പല സംവിധാനങ്ങളും ഇന്ന് നമ്മുടെ നാട്ടിലുണ്ട്.