മാനസിക ആരോഗ്യം മര്‍മം തന്നെ
മാനസിക ആരോഗ്യം എന്നത് മാനസികാരോഗ്യ തകരാര്‍ ഇല്ലാത്ത അവസ്ഥയല്ല. പകരം മനുഷ്യരെല്ലാം അഭിമൂഖീകരിക്കുന്ന ഒരു അവസ്ഥ തന്നെയാണ്. മനുഷ്യര്‍ പരീക്ഷണത്തിന് വിധേയരാക്കുന്ന വിവിധ ഘട്ടങ്ങളുണ്ട്. സമ്മര്‍ദ്ദം,വിഷാദം,ഉത്കണ്ഠ എന്നിവക്ക് കാരണമാകുന്ന പല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വരും. മാനസിക ആരോഗ്യം സംബന്ധിച്ച അവബോധം ഇന്നും വളരെ കുറവാണ്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നും വെറും തോന്നല്‍ മാത്രമാണെന്നുമുള്ള വിധത്തില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുൂന്നു.
മാനസിക തകരാറുകള്‍ പല തരത്തിലുണ്ട്. സാധാരണ കാണുന്ന മാനസിക പ്രശ്‌നങ്ങളായ വിഷാദം, ഉത്കണ്ഠ അടിസ്ഥാനമാക്കിയുള്ളവയാണ് ഒന്ന്, പ്രവൃത്തികള്‍ക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന (സ്‌കീസോഫ്രീനിയ), ഇരട്ട വ്യക്തിത്വം എന്നിവ പോലെയുള്ള രോഗങ്ങള്‍ കടുത്ത മാനസിക തകരാറുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു.
കടുത്ത മാനസിക തകരാറുകള്‍ക്കു വിദഗ്ധരുടെ ശ്രദ്ധ അടിയന്തിരമായി ആവശ്യമാണ്. എന്നാല്‍ പലതും മാനസിക പ്രശ്‌നങ്ങളാണെന്ന് തിരിച്ചറിയപ്പെടാത്തതും ചികിത്സ ലഭ്യമാകാതെ അവഗണിക്കപ്പെടുന്നതും പതിവാണ്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലും അവഗണിക്കപ്പെടുകോയ തെറ്റിദ്ധരിക്കപ്പെടുകയോ ആണ് പതിവ്.
നമ്മില്‍ പലരും പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളും വിഷമങ്ങളും അനുഭവിക്കുന്നവരാണ്. അപ്പപ്പോള്‍ തന്നെ ഇതു ലഘൂകരിക്കാനുള്ള ലളിതമായ വഴികള്‍ കണ്ടെത്തണം. ഇല്ലെങ്കില്‍ ക്രമേണെ ഇതു വലിയ ആഘാതമായി മാറും. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരേ പല തരത്തിലുള്ള മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരായിരിക്കും. കൗമാരക്കാരാകും ഇതില്‍ മുന്നില്‍. കൗമാരത്തിന്റെ മനശാസ്ത്രം പഠിക്കാതെ രക്ഷിതാക്കള്‍ക്കു പോലും ഈ ഘട്ടത്തെ അഭിമുഖീകരിക്കാനാവില്ല. നമ്മുടെ ശരീരത്തെ പോലും തകര്‍ക്കുന്നത് മാനസാണെന്നത് മറക്കണ്ട.