blog image

കുട്ടികളുടെ ഹൃദയ രോഗം കുട്ടിക്കളിയല്ല

ഹൃദയ വൈകല്യങ്ങളുമായി പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. യഥാസമയം രോഗം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് ഇതുമൂലമുള്ള മരണങ്ങളും കൂടുകയാണ്. പ്രസവം കഴിഞ്ഞാലുടന്‍ നവജാത ശിശു വിദഗ്ധരോ ശിശു വിദഗ്ധരോ കുഞ്ഞുങ്ങളെ വിശദമായി പരിശോധിക്കുന്ന രീതിയും കുറഞ്ഞു വരികയാണ്.


കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്നത് ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളാണ്. ആയിരം കുഞ്ഞുങ്ങളില്‍ എട്ടു പേര്‍ക്ക് ജന്മനാലുള്ള ഹൃദയ വൈകല്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇന്ത്യയില്‍ ഒരു വര്‍ഷം 1,30,000 മുതല്‍ 2,70,000 വരെ കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നതിന്റെ കാരണം പലപ്പോഴും അവ്യക്തമാണ്. പത്തു ശതമാനത്തോളം പ്രശ്‌നങ്ങള്‍ക്കു മാത്രമേ കാരണം തിരിച്ചറിയാനാവൂ. പാരമ്പര്യം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയൊക്കെ കാരണമാകുന്നുണ്ട്.


ജനിച്ച ശേഷവും കുട്ടികളില്‍ പലതരം ഹൃദ്രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. വാതപ്പനി മൂലമൂണ്ടാകുന്ന വാല്‍വിന്റെ അപചയമാണ് പ്രധാനപ്പെട്ടത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങള്‍ അപകടകാരികളാണ്. വാതപ്പനി ഹൃദയ വാല്‍വുകളെ തകരാറിലാക്കുന്നു. സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയയാണ് വാതപ്പനിക്ക് കാരണം. ആന്റിബയോട്ടിക് ചികിത്സയിലൂടെ നിയന്ത്രിക്കാവുന്ന രോഗമാണിത്. വികസിത രാജ്യങ്ങളില്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി കഴിഞ്ഞു. നമ്മുടെ നാടുകളിലും ഈ ചികിത്സകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.<

പത്ത് പതിനഞ്ച് വയസ്സിന് ഇടയിലുള്ള കുട്ടികളിലാണ് വാതപ്പനി സാധാരണ കണ്ടുവരുന്നത്. ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കിയാല്‍ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനാവും. എന്നാല്‍ വാല്‍വുകള്‍ക്ക് വൈകല്യം സംഭവിച്ചുകഴിഞ്ഞാല്‍ ഔഷധചികിത്സഫലം ചെയ്യില്ല.


കുട്ടികളിലെ ഹൃദ്രോഗം ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. രോഗം വേഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണാവശ്യം. ഔഷധങ്ങളും ശസ്ത്രക്രിയകളും ഇതിനായി ഉപയോഗിക്കുന്നു. ഇവയെല്ലാം പൂര്‍ണമായി സുഖപ്പെടുത്താന്‍ ശേഷിയുള്ളവയാണ്. ആധുനിക ചികിത്സാ രീതിയില്‍ പല ശസ്ത്രക്രിയകള്‍ക്കും പകരം നില്‍ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും നേരത്തെ തിരിച്ചറിയപ്പെടാതെ പോകുന്ന അവസ്ഥ കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നത്.