blog image

പ്രമേഹ രോഗികൾ നോമ്പെടുക്കുമ്പോൾ മരുന്നിന്റെ ഡോസ് വ്യത്യാസം വരുത്തേണ്ടതുണ്ടോ ?

കൂടുതല്‍ ശക്തിയേറിയ Sulfonylurea വിഭാഗത്തിലെ മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്കുമാണ് നോമ്പിനു പ്രശ്നങ്ങള്‍ വരുന്നത് . ഷുഗര്‍ ക്രമാതീതമായി താഴ്ന്നു പോവാന്‍ സാധ്യത ഇത്തരക്കാരില്‍ വളരെ കൂടുതല്‍ ആണ്. ഇവ പൂര്‍ണ്ണമായും ഒഴിവാക്കി മേല്‍ പറഞ്ഞ സുരക്ഷിതമായ മരുന്നുകളിലേക്ക് മാറിയാല്‍ ഷുഗര്‍ നിയന്ത്രണം നഷ്ടപ്പെട്ടു അതുമൂലമുള്ള പ്രശ്നങ്ങളും ഉണ്ടാവാം. ഇത്തരം മരുന്നുകള്‍ എടുക്കുന്നവര്‍ നോമ്പ് നോല്‍ക്കുന്നത് പൊതുവേ റിസ്ക്‌ ആയാണ് കരുതപ്പെടുന്നത്.


എന്നാല്‍ ഭൂരിഭാഗം രോഗികളും ചുരുങ്ങിയ പക്ഷം Sulfonylurea വിഭാഗത്തിലെ ഏതെങ്കിലുമൊരു മരുന്ന്‌ കഴിക്കുന്നവരായിരിക്കും. അതാണ് മിക്കവരും തന്നെ 'നോമ്പ് ഒഴിവാക്കുക' എന്ന നിര്‍ദേശത്തിൽ പെട്ട്‌ പോകുന്നതും. ഇത്തരക്കാരില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തി നോമ്പ് എടുക്കാം എന്നതിന് പ്രത്യേകിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും തന്നെ നിലവില്‍ ഇല്ല. എന്നാല്‍ സാധാരണ ഡോക്ടര്‍മാര്‍ ചെയ്യാറുള്ള ചില കാര്യങ്ങള്‍ ഉണ്ട്. മരുന്നിന്റെ അളവിലും സമയക്രമത്തിലും ചില മാറ്റങ്ങള്‍ ഒക്കെ വരുത്തിയാല്‍ ഇത്തരം ആളുകള്‍ക്കും താരതമ്യേന വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ നോമ്പ് എടുക്കാം. സ്വന്തം അനുഭവങ്ങളില്‍ നിന്നും അങ്ങനെയാണ് തോന്നിയിട്ടുള്ളത്.


ആദ്യത്തെ നിര്‍ദേശം 'അത്താഴം' എന്ന്‌ വിളിക്കപ്പെടുന്ന പുലർച്ചെയുള്ള ഭക്ഷണം പരമാവധി താമസിച്ചു കഴിക്കുക എന്നതാണ്. അത്താഴം കഴിക്കല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ള കാര്യമാണെങ്കിലും മതപരമായി നിര്‍ബന്ധമില്ല, എന്നാല്‍ പ്രമേഹ രോഗികള്‍ ഒരു കാരണവശാലും അത്താഴം കഴിക്കാതെ നോമ്പ് എടുക്കരുത്. അത്താഴം നോമ്പ് ആരംഭിക്കുന്ന സുബഹി ബാങ്കിന്റെ സമയത്തിന്‌ തൊട്ടു മുന്നേ ആക്കിയാല്‍ അത്രയും നല്ലത്. സാധാരണ കഴിക്കുന്ന മരുന്നുകള്‍ വച്ച് പ്രമേഹം കാര്യമായി നിയന്ത്രണത്തില്‍ അല്ലാത്ത ആളുകള്‍ അവരുടെ പതിവ് മരുന്നുകള്‍ അതെ പടി കഴിച്ചാലും വലിയ പ്രശ്നങ്ങള്‍ കാണാറില്ല. പക്ഷെ നോമ്പ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ 2 - 3 തവണ ഷുഗര്‍ നോക്കല്‍ നിര്‍ബന്ധമാണ്‌.


സ്വന്തമായി ഗ്ലൂക്കോമീറ്റര്‍ ഉള്ളവര്‍ അത്താഴം കഴിച്ചു 2 മണിക്കൂര്‍ കഴിഞ്ഞു ഷുഗര്‍ നോക്കണം. അല്ലാത്തവര്‍ ലാബില്‍ പോയി കഴിയുന്നത്ര നേരത്തെ നോക്കാന്‍ ശ്രമിക്കണം. പിന്നെ ഉച്ച സമയത്തും നോമ്പ് തുറക്കുന്നത്തിനു കുറച്ചു മുൻപായും ഒരു തവണ കൂടി ടെസ്റ്റ് ചെയ്തു ആ റിപ്പോര്‍ട്ടുകള്‍ ചികിത്സിക്കുന്ന ഡോക്ടറെ കാണിക്കേണ്ടതാണ്. അത് വച്ച് നിങ്ങളുടെ ഡോക്ടര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയും.


ഉച്ച സമയത്ത് ഷുഗര്‍ നില താഴ്ന്ന അവസ്ഥയില്‍ ആണെങ്കില്‍ മരുന്നുകളുടെ അളവ് കുറച്ചില്ലെങ്കില്‍ വൈകുന്നേരമാവുമ്പോഴേക്കും അപകടകരമാം വിധം ഷുഗര്‍ താഴാന്‍ സാധ്യതയുണ്ട്. ഉച്ച സമയത്തും വൈകുന്നേരവും സുരക്ഷിതമായ നിലയില്‍ ആണ് ഷുഗര്‍ എങ്കില്‍ അതെ ഡോസ് തുടരാം. പക്ഷെ എല്ലാ ദിവസവും ഏതാണ്ട് ഒരേ പോലെയുള്ള, ഒരേ അളവില്‍ ഉള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല കഴിയുന്നത്ര ദിവസങ്ങളില്‍ എല്ലാം ഷുഗര്‍ നോക്കി കുഴപ്പമില്ല എന്നുറപ്പ്‌ വരുത്തേണ്ടതുണ്ട്.


എന്നാല്‍ Sulfonylureas, Insulin തുടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ച് ഷുഗര്‍ കൃത്യമായ നിയന്ത്രണത്തില്‍ പോവുന്ന ആളുകള്‍ അതെ അളവില്‍ മരുന്ന് തുടര്‍ന്നാല്‍ ഉച്ചക്കോ വൈകുന്നേരമോ ഷുഗര്‍ താഴ്ന്നു പോവാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാരില്‍ മരുന്നിന്റെ അളവ് കുറക്കേണ്ടതുണ്ട്. സ്വന്തം ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്ന് ഡോസ് കുറച്ച ശേഷം നേരത്തെ പറഞ്ഞ അതേ സമയങ്ങളില്‍ ഷുഗര്‍ ചെക്ക് ചെയ്തു ഡോക്ടറെ കാണുക. രാവിലത്തെ ഡോസ് കുറയ്ക്കുന്നത്‌ കാരണം ഭക്ഷണം കഴിഞ്ഞു 2 മണിക്കൂര്‍ കഴിഞ്ഞു ചെയ്യുന്ന ഷുഗര്‍ അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്. ചില മരുന്നുകള്‍ പുതുതായി ചേര്‍ത്ത് അത് പരിഹരിക്കാം. എങ്കില്‍ പോലും പൊതുവേ നോമ്പ് കാലത്തെ ഷുഗര്‍ നിയന്ത്രണം നോമ്പില്ലാത്ത കാലത്തേ പോലെ അത്ര സ്മൂത്ത്‌ ആയിരിക്കില്ല,


ഇന്‍സുലിന്‍ എടുക്കുന്ന രോഗികളില്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. മാര്‍ക്കറ്റില്‍ ലഭ്യമായ ഇന്സുലിനുകളില്‍ വില കുറവായ 30/70 കോമ്പിനേഷൻ ഇന്‍സുലിന്‍ എടുക്കുന്നവരില്‍ ഷുഗര്‍ താഴ്ന്നു പോവാനുള്ള സാധ്യത വളരെ കൂടുതലാണ്. താരതമ്യേന കുറച്ചു കൂടി സുരക്ഷിതമായ ഷോര്‍ട്ട് ആക്ടിംഗ് ഇന്സുലിനുകള്‍ കൂടിയ വില കാരണം പൊതുവേ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തവയാണ്.


എന്നാലും നോമ്പുള്ള 30 ദിവസങ്ങളിലേക്കെങ്കിലും അത്തരം ഇന്സുലിനിലേക്ക് മാറുന്നതാണ് കൂടുതല്‍ നല്ലത്. ഏതു തന്നെ ആയാലും ഡോസ് കുറച്ചെടുത്ത്‌ അടിക്കടി ചെക്ക് ചെയ്തു വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടതായി വരും.


നോമ്പ് എടുക്കുന്നവര്‍ ഷുഗര്‍ കുറയുമ്പോള്‍ ഉള്ള ലക്ഷണങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. പതിവിലേറെ വിശപ്പും ക്ഷീണവും തോന്നുക, കൈ വിറയ്ക്കുക, ശരീരം വല്ലാതെ വിയര്‍ക്കുക തുടങ്ങിയവ കണ്ടാല്‍ നോമ്പ് ഉടനെ അവസാനിപ്പിക്കേണ്ടതാണ്. കൂടുതല്‍ സമയം കാത്തിരുന്നാല്‍ ചിലപ്പോള്‍ ബോധക്കേട് സംഭവിക്കാം.