മലയാളികളും ഹൃദയ രോഗവും
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജനിതകപരമായും അല്ലാതെയും ഇന്ത്യയില്‍ ഹൃദ്രോഗികള്‍ കൂടുന്നതിനുള്ള സാധ്യത വലുതാണ്. ഇന്ത്യയില്‍ ഇന്ന് അഞ്ചു മരണങ്ങളിലൊന്ന് ഹൃദ്രോഗം മൂലമാണെന്നുള്ള വസ്തുത കാണാതിരുന്നുകൂടാ.
വൃത്തി, ആരോഗ്യം, സാക്ഷരത ഇവ മൂന്നിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം ഏറെ മുന്നിലാണ്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.
കേരളത്തിലെ നഗരവാസികളില്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ ഇരട്ടി ഹൃദ്രോഗികളുണ്ട്. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളും കേരളത്തില്‍ ഗണ്യമായി വര്‍ദ്ധിക്കുന്നു. കേരളത്തില്‍ 30 വയസിനു മുകളിലുള്ളവര്‍ക്ക് 15 ശതമാനത്തിന് ഹൃദയാഘാതം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. അതേസമയം വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ഒന്നോ രണ്ടോ ശതമാനം മാത്രമാണ്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ കേരളത്തിലുള്ളവരുടെ ഭക്ഷണ രീതിയിലുണ്ടായ മാറ്റങ്ങളാണ് ഹൃദയത്തിന് ഏറെ ആഘാതമുണ്ടാക്കിയത്.
ഫാസ്റ്റ് ഫുഡിനോടുള്ളപ്രിയം വരുത്തിവച്ച പൊല്ലാപ്പുകള്‍ ചില്ലറയല്ല. വ്യായാമം ചെയ്യാന്‍ മലയാളികള്‍ക്കു മടിയാണ്. നാല്‍പ്പതു കഴിഞ്ഞാല്‍ നാല്‍പ്പതു വയസു കഴിഞ്ഞാല്‍ കുടവയര്‍ വരുന്നത് ആഢ്യത്വത്തിന്റെ ലക്ഷണമായാണ് മലയാളികള്‍ കാണുന്നത്്. എന്നാല്‍ സൂക്ഷിക്കുക പുരുഷന്‍മാരില്‍ ഹൃദ്രോഗ സാധ്യത കൂട്ടുന്നത് പൊണ്ണത്തടിയേക്കാള്‍ കുടവയറാണ്. കുടവയറുള്ളവരില്‍ ഹൃദ്രോഗ സാധ്യത കൂട്ടുന്നതില്‍ മറ്റു ഘടകങ്ങളുമുണ്ട്്. കൂടുതല്‍ കൊളസ്‌ട്രോള്‍ പ്രമേഹം എന്നിവയാണ്. ഇവര്‍ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. പ്രമേഹമുള്ള ഒരാള്‍ക്ക് എളുപ്പത്തില്‍ അറ്റാക്കു വരാന്‍ സാധ്യതയുണ്ട്. മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞാല്‍ വര്‍ഷത്തിലൊരിക്കല്‍ പൊതുവായ ആരോഗ്യ പരിശോധന നടത്തണം.
പാരമ്പര്യ ഹൃദ്രോഗത്തില്‍ ഭക്ഷണത്തിനു നേരിട്ടു പങ്കൊന്നുമില്ല. എങ്കിലും പല പാരമ്പര്യ ഘടകങ്ങളെയും ഉണര്‍ത്തി ഹൃദ്രോഗങ്ങളുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് തെറ്റായ ഭക്ഷണ ശീലം നിങ്ങളെ നയിക്കും. ജനിതകപരമായി ഹൃദ്രോഗം പാരമ്പര്യമായി വരുന്നത് തടയാന്‍ നിങ്ങള്‍ക്കോ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കോ കഴിയില്ല. അതുപോലെതന്നെ ഹൃദ്രോഗമുണ്ടക്കുന്ന ജനിതകതകരാര്‍ നിങ്ങള്‍ക്കു തിരിച്ചറിയാനും കഴിയില്ല.