ഹൃദയത്തെ തിരിച്ചറിയാന്‍ വൈകരുത്
നാം നമ്മുടെ ഹൃദയത്തെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. ഹൃദയം നല്‍കുന്ന സൂചനകളെ നമുക്ക് എത്ര നേരത്തെ മനസ്സിലാക്കാന്‍ കഴിയുന്നുവോ അത്രയും നേരത്തെ നമുക്ക് നമ്മെ തന്നെ തിരിച്ചറിയാനാവും. ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പു ചെയ്യുകയാണ്.
പുരുഷന്മാര്‍ക്ക് 70-72 തവണയും സ്ത്രീകള്‍ക്ക് 78-82 തവണയും, ഹൃദയം വിശ്രമാവസ്ഥയില്‍ സ്പന്ദിക്കുന്നു. കുഞ്ഞുങ്ങളിലാകട്ടെ ഹൃദയം ഏകദേശം 130 പ്രാവശ്യം സ്പന്ദിക്കുന്നു. ഒരു മിനിട്ടില്‍ 5 ലിറ്റര്‍ രക്തം പമ്പു ചെയ്യുന്ന ശരീരം. ശരാശരി 9800 ലിറ്റര്‍ മുതല്‍ 12600 ലിറ്റര്‍ വരെ രക്തം ഓരോ ദിവസവും പമ്പു ചെയ്യുന്നു.
ഒറ്റനോട്ടത്തില്‍ കൈമുഷ്ടിയുടെ ആകൃതിയില്‍ മാംസപേശികളാല്‍ നിര്‍മ്മിതമായ ഒരു അവയവമാണ് ഹൃദയം. ആ ഹൃദയ പേശികളിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളില്‍ കൊഴുപ്പടിയുകയോ, രക്തം കട്ടപിടിച്ച് തടസ്സം ഉണ്ടാക്കുകയോ ചെയ്യുമ്പോള്‍ വേണ്ടത്ര രക്തവും പ്രാണവായുവും ലഭിക്കാതെ ഹൃദയപേശികളുടെ പ്രവര്‍ത്തനം തകരാറിലാകുന്നു. ചിലപ്പോള്‍ പ്രവര്‍ത്തിക്കാതാകുന്ന അവസ്ഥതന്നെ ഉണ്ടാകുന്നു. ഈ അവസ്ഥയാണ് ഹൃദയാഘാതം. ഈ ഹൃദയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ആകെത്തന്നെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം.
ഹൃദ്രോഗ സാധ്യത അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ആരംഭിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുറഞ്ഞ തൂക്കവുമായി ജനിക്കുന്ന കുട്ടികള്‍ക്ക് പില്‍ക്കാലത്ത് ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മസ്തിഷ്‌കാഘാതം, പ്രമേഹം തുടങ്ങിയവ ഉണ്ടാകുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇതിന് കാരണമോ ഗര്‍ഭാശയത്തിലായിരിക്കുമ്പോള്‍ സംഭവിക്കുന്ന പോഷകാഹാരക്കുറവും. അമ്മമാരാകുവാന്‍ പോകുന്നവര്‍ കൃത്യമായും സമീകൃത പോഷകാഹാരം കഴിക്കുന്നത് തങ്ങളുടെ കുട്ടികളെ ഭാവിയിലെ അസുഖത്തില്‍ നിന്നും സംരക്ഷിക്കുവാന്‍ സഹായിക്കും.
ചിലര്‍ക്ക് നെഞ്ചെരിച്ചിലായിട്ടാണ് അനുഭവപ്പെടുക, ചിലര്‍ക്ക് നെഞ്ചിനകത്ത് വലിയൊരു ഭാരം കയറ്റി വച്ചതുപോലെ; ചിലരെ സംബന്ധിച്ചാണെങ്കില്‍ വരിഞ്ഞു മുറുക്കുന്നതുപോലെയൊ കത്തികൊണ്ട് കുത്തുന്നതുപോലെയൊ ഒക്കെയാകാം. ക്രമേണ വേദന തോളിലേക്കോ, ഇടതു കയ്യിലേക്കോ പടരാം.
നാട്ടുമ്പുറങ്ങളില്‍ ചിലര്‍ മരിച്ചു കഴിയുമ്പോള്‍; പറയുന്നത് കേള്‍ക്കാം 'നല്ല സുഖ മരണമായിരുന്നു, രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതാണ് രാവിലെ നോക്കിയിട്ടും ഉണര്‍ന്നിട്ടില്ല 'എന്ന്. ഹൃദയാഘാതം മൂലമാണെങ്കില്‍ ഇതിനെ നിശബ്ദ ഹൃദയാഘാതം എന്നാണ് പറയുക. 30-60 ശതമാനം ആള്‍ക്കാരിലും ഹൃദയാഘാതമുണ്ടായെന്ന് മനസ്സിലാക്കുന്നത് പിന്നീടെപ്പോഴെങ്കിലും മറ്റെന്തെങ്കിലും ആവശ്യത്തിന് ഇ.സി.ജി. എടുക്കുമ്പോഴായിരിക്കും. നെഞ്ചുവേദന ഇല്ലാത്തതിനാല്‍ ഇത്തരക്കാരില്‍ പലരും ഹൃദ്രോഗ വിവരം അറിഞ്ഞില്ലെന്നു വരാം.